pulimoottil

മാധ്യമങ്ങളോട് പറയേണ്ടത് പാർട്ടി നിലപാട്, വ്യക്തിപരമായ അഭിപ്രായമല്ല; വക്താക്കൾക്കും നേതാക്കൾക്കും കെപിസിസിയുടെ കർശന നിർദ്ദേശം

മാധ്യമങ്ങളോട് പറയേണ്ടത് പാർട്ടി നിലപാട്, വ്യക്തിപരമായ അഭിപ്രായമല്ല; വക്താക്കൾക്കും നേതാക്കൾക്കും കെപിസിസിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ ഉൾപ്പാർട്ടി തർക്കങ്ങൾക്കും നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾക്കും തടയിടാൻ ശക്തമായ ഇടപെടലുമായി കെ.പി.സി.സി. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ വ്യക്തിപരമായ അഭിപ്രായങ്ങളും തർക്കങ്ങളും മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാക്കുന്നത് പാർട്ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് കെ.പി.സി.സി വിലയിരുത്തി. ഇത്തരം പരസ്യ പ്രതികരണങ്ങൾ പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യത കുറയ്ക്കാൻ ഇടയാക്കുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

പാർട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങളും നിലപാടുകളും മാത്രമേ പൊതുവേദികളിലോ മാധ്യമങ്ങളിലോ അവതരിപ്പിക്കാവൂ എന്ന് കെ.പി.സി.സി കർശന നിർദ്ദേശം നൽകി. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളോ സംഘടനാപരമായ പരാതികളോ ഉണ്ടെങ്കിൽ അവ പാർട്ടിയുടെ ആഭ്യന്തര വേദികളിൽ മാത്രമേ ഉന്നയിക്കാവൂ എന്നും സംഘടനാ സംവിധാനത്തിലൂടെ അവ പരിഹരിക്കണമെന്നും നിർദ്ദേശമുണ്ട്. പാർട്ടിയുടെയും നേതൃത്വത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുന്ന തരത്തിലുള്ള പ്രസ്താവനകളിൽ നിന്നോ ചർച്ചകളിൽ നിന്നോ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നോ അംഗങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്നും കെ.പി.സി.സി വ്യക്തമാക്കി.

മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പാർട്ടിയുടെ അച്ചടക്കവും ഐക്യവും ഉത്തരവാദിത്തബോധവും ഉയർത്തിപ്പിടിക്കണമെന്ന് കെ.പി.സി.സി ഓർമ്മിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ മാധ്യമ വിഭാഗം ചെയർപേഴ്‌സൺ ദീപ്തി മേരി വർഗീസ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. മുൻ എസ്.എഫ്.ഐ നേതാവിനെ സർക്കാർ പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കെ.എസ്.യുവും തമ്മിൽ ഉയർന്നുവന്ന വിവാദങ്ങൾ കോൺഗ്രസിനുള്ളിൽ പരസ്യമായ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി.

Share Email
LATEST excelnclexrn
Top