റിയാദ്: സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ അരാംകോ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വീണ്ടും പ്രത്യാക്രമണ ഭീഷണിയുമായി യെമനിലെ ഹൂതി വിമതർ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹൂതി ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന സൂചനകളും പരസ്യ പ്രസ്താവനകളും മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തുകയാണ്. സൗദിയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളെ നേരിട്ട് ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്.
സൗദി സഖ്യസേന നടത്തുന്ന വ്യോമാക്രമണങ്ങൾ പ്രതിരോധിച്ച് മറുപടി നൽകാൻ തങ്ങൾക്ക് ഇപ്പോഴും ശക്തമായ സൈനിക ശേഷിയുണ്ടെന്ന് തെളിയിക്കാനാണ് ഹൂതികളുടെ നീക്കം. മുൻകാലങ്ങളിലും അരാംകോ സംഭരണശാലകൾക്ക് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ വൻ തീപിടുത്തങ്ങൾ ഉണ്ടാവുകയും എണ്ണ ഉൽപ്പാദനം തടസ്സപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് എട്ട് വർഷം നീണ്ടുനിന്ന യെമൻ അധിനിവേശം അവസാനിപ്പിക്കാൻ സൗദി അറേബ്യ ചർച്ചകൾക്ക് തയ്യാറായത്.
അഭൂതപൂർവ്വമായ ഉപരോധം പിൻവലിക്കാൻ ചർച്ചകൾ നടത്തുക, അല്ലെങ്കിൽ പൂർണ്ണ തോതിലുള്ള യുദ്ധത്തിന് തയ്യാറാവുക എന്ന രണ്ടു ബദലുകളാണ് ഹൂതികൾ സൗദിയ്ക്ക് മുന്നിൽ വെച്ചിരുന്നത്. ചർച്ചകൾക്ക് പകരം സൈനിക നീക്കങ്ങൾക്ക് സൗദി മുൻഗണന നൽകിയതാണ് നിലവിലെ സംഘർഷം രൂക്ഷമാകാൻ കാരണം. സൗദിക്ക് പുറമെ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ സമാന രീതിയിലുള്ള പ്രത്യാക്രമണ തന്ത്രങ്ങളാണ് ഹൂതികൾ പയറ്റുന്നത്. പുതിയ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ മേഖല വീണ്ടും വൻ സുരക്ഷാ ഭീഷണിയിലായിരിക്കുകയാണ്.
















