ടെഹ്റാൻ: ടെഹ്‌റാനിൽ തുടരുന്ന ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ ഔദ്യോഗിക വിലാപചടങ്ങുകൾ രാജ്യത്തിന്റെ ശക്തമായ ഭരണത്തുടർച്ചയുടെയും പുതിയ നേതൃത്വത്തിന്റെ അരങ്ങേറ്റത്തിന്റെയും തെളിവാണെന്ന് പ്രമുഖ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ഖമേനിയുടെ അന്ത്യയാത്ര വലിയൊരു ജനസഞ്ചയത്തെ സാക്ഷിയാക്കി വിപുലമായി സംഘടിപ്പിക്കുന്നതിലൂടെ രാജ്യം സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്ന സന്ദേശമാണ് ഭരണകൂടം നൽകാൻ ശ്രമിക്കുന്നതെന്ന് ഖത്തറിലെ ജോർജ്ജ്ടൗൺ സർവകലാശാലയിലെ ഗവൺമെന്റ് പ്രൊഫസറായ മെഹ്‌റാൻ കംറാവ സിഎൻഎന്നിനോട് പറഞ്ഞു.
യുദ്ധക്കെടുതികൾക്കിടയിലും രാജ്യം സുരക്ഷിതമാണെന്നും പുതിയ നേതൃത്വത്തിന് കീഴിൽ ഭരണസംവിധാനങ്ങൾ പൂർണ്ണ ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും സ്വന്തം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്.
എന്നാൽ, ഖമേനിയുടെ പിൻഗാമിയായി ചുമതലയേറ്റ മകൻ മൊജ്താബ ഖമേനിയുടെ അഭാവത്തെക്കുറിച്ച് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സുരക്ഷാ വിശദീകരണങ്ങളിൽ കംറാവ സംശയം പ്രകടിപ്പിച്ചു. മറ്റ് മുതിർന്ന ഭരണാധികാരികളും വിദേശ പ്രതിനിധികളും പൊതുവേദികളിൽ ഭയമില്ലാതെ പ്രത്യക്ഷപ്പെടുമ്പോൾ, പുതിയ നേതാവ് മാത്രം വിട്ടുനിൽക്കുന്നത് സുരക്ഷാ കാരണങ്ങളാൽ മാത്രമല്ലെന്നും മുൻപ് വ്യോമാക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെന്ന റിപ്പോർട്ടുകളിലേക്ക് ഇത് വിരൽ ചൂണ്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















