അമേരിക്കൻ സൈന്യത്തിന്റെ അതിശക്തമായ ആക്രമണത്തിൽ തകർന്ന ഇറാന്റെ അതീവ പ്രാധാന്യമുള്ള റെയിൽവേ പാതയിലെ ഒരു ലൈൻ വെറും 13 മണിക്കൂറിനുള്ളിൽ ഇറാൻ പുനഃസ്ഥാപിച്ചു. ഗുലിസ്ഥാൻ പ്രവിശ്യയിലെ രണ്ട് പ്രധാന മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പാലത്തിന് നേരെ വ്യാഴാഴ്ച പുലർച്ചെയാണ് അമേരിക്കൻ സൈന്യം ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയത്. ഇതേത്തുടർന്ന് ടെഹറാനിൽ നിന്ന് മഷ്ഹദിലേക്കുള്ള ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരുന്നുവെങ്കിലും, അതിവേഗ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ ഒന്നാമത്തെ ലൈൻ പ്രവർത്തനസജ്ജമാക്കാൻ ഇറാന് സാധിച്ചു. രണ്ടാമത്തെ ലൈൻ കൂടി ഉടൻ തന്നെ പൂർണ്ണമായി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 8-ലെ വെടിനിർത്തൽ കരാറിനുശേഷം ആദ്യമായാണ് അമേരിക്ക ഇറാനിലെ ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇത്രയും വലിയ ആക്രമണം നടത്തുന്നത്. പാലങ്ങൾ, റെയിൽവേ ട്രാക്കുകൾ, ചബഹർ തുറമുഖത്തെ കൺട്രോൾ റൂം എന്നിവയുൾപ്പെടെ 90 കേന്ദ്രങ്ങളാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് തകർത്തത്. അമേരിക്കയുടെ അതിശക്തമായ മിസൈലാക്രമണങ്ങളിൽ 14 ഓളം ആളുകൾക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അമേരിക്കയുടെ നീക്കത്തിന് ശക്തമായ മറുപടിയുമായി ഇറാന്റെ പ്രത്യാക്രമണവും തൊട്ടുപിന്നാലെയുണ്ടായി. കുവൈത്തിലെ അരിഫ്ജാൻ, അലി അൽ സാലിം എയർബേസുകൾ, പേട്രിയറ്റ് മിസൈൽ സംവിധാനം, ബഹറൈനിലെ ജുഫൈർ, ഷെയ്ഖ് ഈസ സൈനിക താവളങ്ങൾ, ഖത്തറിലെ സാറ്റലൈറ്റ് ആന്റിന സംവിധാനം എന്നിവയ്ക്ക് നേരെ ഇറാൻ തിരിച്ചടിച്ചു. സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഇതുവരെയുള്ള നിലപാടിൽ മാറ്റം വരുത്തുന്നത് ആലോചിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
















