ടെഹ്‌റാന്‍: അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ യുദ്ധത്തിന് സന്നദ്ധമെന്നു ഇറാന്‍. നിലവില്‍ തങ്ങള്‍ ചര്‍ച്ചകള്‍ക്കാണ് മുന്‍ഗണന നല്കുന്നതെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ നിര്‍വഹണവുമായി ബന്ധപ്പെട്ട് ഖത്തറില്‍ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പ്രത്യേക ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ഈ നിലപാട് അറിയിച്ചത്. പ്രതിബദ്ധതകള്‍ മാനിക്കപ്പെടാത്ത പക്ഷം സൈനികപരമായ ഏറ്റുമുട്ടലിന് രാജ്യം പൂര്‍ണ സജമാണെന്നും ഇറാന്റെ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചാക്കാരനുമായ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ഔദ്യോഗിക ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഞങ്ങള്‍ ചര്‍ച്ചകള്‍ക്ക് തന്നെയാണ് ശ്രമിക്കുന്നത്, എന്നാല്‍ ചര്‍ച്ചകള്‍ നടപ്പിലാക്കപ്പെടുന്നില്ലെങ്കില്‍ ഞങ്ങള്‍ യുദ്ധത്തിനും തയ്യാറാണ്, അതിനനുസരിച്ച് തന്നെ മറുപടി നല്‍കുകയും ചെയ്യും,’ ഗാലിബാഫ് വ്യക്തമാക്കി. അഭിമുഖത്തിനിടയില്‍, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള രാജ്യത്തിന്റെ നിലപാട് ഗാലിബാഫ് ആവര്‍ത്തിച്ചു.രാജ്യത്തിന്റെ ആണവ അവകാശങ്ങളും അതിരുകളും യാതൊരുവിധ ചര്‍ച്ചകള്‍ക്കും വിധേയമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെയും ആണവായുധ വ്യാപന നിരോധന കരാറിന്റെയും ചട്ടക്കൂടിനുള്ളില്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം വാദിച്ചു.
‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ആണവായുധ വ്യാപന നിരോധന കരാറിലെ അംഗമാണ്. കൂടാതെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ യുറേനിയം സമ്പുഷ്ടീകരണം തങ്ങളുടെ അവകാശമായി ഇറാന്‍ കണക്കാക്കുന്നു. എന്‍പിടി പ്രകാരമുള്ള ബാധ്യതകള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്, എന്നാല്‍ ഇറാന്റെ ആണവ അവകാശങ്ങളും ലക്ഷ്മണരേഖകളും ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. ഇത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ശക്തിയുടെ ഘടകങ്ങളായും അമേരിക്കയുടെ അതിക്രമങ്ങള്‍ക്കെതിരെയുള്ള ഗ്യാരണ്ടിയായുമാണ് ഞങ്ങള്‍ കണക്കാക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
ചര്‍ച്ചകള്‍ തുടരുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, അഞ്ച് പ്രധാന വ്യവസ്ഥകളില്‍ പൂര്‍ണ്ണമായ ധാരണയിലെത്തുന്നത് വരെ കരാര്‍ നടപ്പിലാക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് ടെഹ്‌റാന്‍ കടക്കില്ലെന്ന് ഊന്നിപ്പറഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ലെബനന്‍ വിഷയമാണെന്നും ഇതിനൊപ്പം എണ്ണ കയറ്റുമതി, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം എന്നിവ പൂര്‍ണ്ണമായി ഏകീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Iran says ready for war if diplomatic talks fail
















