അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം നടത്താനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ കേരള സർക്കാർ നടപടികൾ ആരംഭിച്ചു. പേവിഷബാധയുള്ളതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലുന്നത് തീരുമാനിക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക സമിതികൾ രൂപീകരിക്കും. മൃഗഡോക്ടർമാരുടെ പരിശോധനകൾക്ക് ശേഷമുള്ള അന്തിമഘട്ടത്തിൽ മാത്രമായിരിക്കും ദയാവധം അനുവദിക്കുക. ഇതിനൊപ്പം വീട്ടിൽ നായകളെ വളർത്തുന്നതിനും കർശനമായ പുതിയ നിബന്ധനകൾ ഏർപ്പെടുത്തും.
അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം നടത്താനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കി. ഇതനുസരിച്ച് ഓരോ തദ്ദേശ സ്ഥാപനത്തിലും വെറ്ററിനറി സർജൻ, ജനപ്രതിനിധികൾ, അനിമൽ വെൽഫെയർ സംഘടന പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിക്കും. പേവിഷബാധ സ്ഥിരീകരിച്ചതോ, സുഖപ്പെടുത്താനാവാത്ത വിധം മാരകമായി പരിക്കേറ്റതോ ആയ നായ്ക്കളെ കൃത്യമായ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമുള്ള അന്തിമഘട്ടത്തിൽ മാത്രമായിരിക്കും ദയാവധത്തിന് വിധേയമാക്കുക.
ഇതോടൊപ്പം വളർത്തുനായ്ക്കളെ വളർത്തുന്നതിനും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വളർത്തുനായ്ക്കൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസും കൃത്യമായ സമയങ്ങളിലുള്ള വാക്സിനേഷനും ഇനിമുതൽ നിർബന്ധമാക്കും. നായ്ക്കളെ പൊതുവഴിയിൽ ഉപേക്ഷിക്കുന്ന ഉടമകൾക്കെതിരെ കടുത്ത പിഴയും നിയമനടപടികളും ഉണ്ടാകും. കൂടാതെ അനധികൃത പെറ്റ് ഷോപ്പുകൾക്കും ബ്രീഡിങ് കേന്ദ്രങ്ങൾക്കുമെതിരെ ശക്തമായ പരിശോധനകൾ നടത്താനും പുതിയ പ്രോട്ടോക്കോളിൽ വ്യവസ്ഥയുണ്ട്.

















