ടെഹ്റാൻ: യുഎസും ഇറാനും തമ്മിലുള്ള ചർച്ചകളിൽ നിർണ്ണായക മധ്യസ്ഥനായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ടെഹ്റാനിൽ നടന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപച്ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, ഖമേനിയുടെ ജ്ഞാനവും നേതൃപാടവവും ഇറാനിലും സമീപ പ്രദേശങ്ങളിലും അദ്ദേഹം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനവും വരുംതലമുറകൾ എന്നും ഓർക്കുമെന്ന് ഷെരീഫ് അനുസ്മരിച്ചു.
ഉന്നതതല സർക്കാർ പ്രതിനിധി സംഘത്തോടൊപ്പമാണ് പാക് പ്രധാനമന്ത്രി ടെഹ്റാനിലെത്തിയത്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (PPP) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി, നാഷണൽ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖ് എന്നിവർക്ക് പുറമെ പാക് സൈനിക മേധാവി ജനറൽ അസിം മുനീറും പ്രധാനമന്ത്രിക്കൊപ്പം വിലാപച്ചടങ്ങിൽ പങ്കുചേരാൻ എത്തിയിരുന്നു. കടുത്ത പ്രാദേശിക രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും പാകിസ്ഥാന്റെ രാഷ്ട്രീയ-സൈനിക നേതൃത്വം ഒരുമിച്ച് ഇറാനിലെത്തിയത് അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
















