ടെഹ്റാൻ: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങുകളുടെ രണ്ടാം ദിനമായ ഞായറാഴ്ച ടെഹ്‌റാനിലെ തെരുവുകളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത ജനരോഷം. ചടങ്ങിൽ പങ്കെടുത്ത ഒരു പ്രമുഖ കവി ജനലക്ഷങ്ങളെ സാക്ഷിയാക്കി ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചും രൂക്ഷമായി വിമർശിച്ചും കവിത ആലപിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
കവിത കേട്ട് ആവേശം പൂണ്ട ജനക്കൂട്ടം അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങൾ മുഴക്കി ആകാശത്തെ പ്രകമ്പനം കൊള്ളിച്ചു. ഖമേനിയുടെ വിയോഗത്തിലുള്ള കടുത്ത അമർഷവും പ്രതികാര ചിന്തകളും വിലാപയാത്രയുടെ രണ്ടാം ദിനത്തിൽ കൂടുതൽ പ്രകടമായിരിക്കുകയാണ്.
വിലാപചടങ്ങിൽ പങ്കെടുത്ത ജനങ്ങളുടെ പ്രധാന മുദ്രാവാക്യം ‘രക്തപ്പകയ്ക്കുള്ള ആഹ്വാനം’ ആണെന്ന് ഒരു പ്രമുഖ ഇറാനിയൻ രാഷ്ട്രീയ നേതാവ് ഔദ്യോഗിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തങ്ങളുടെ പ്രിയ നേതാവിനെ വധിച്ച ശത്രുക്കളോട് പ്രതികാരം ചെയ്യാതെ രാജ്യം അടങ്ങിയിരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് വിലാപയാത്രയിലുടനീളം ഉയരുന്നതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
















