റോം: വലിയ തിരക്കുകള്‍ക്ക് താത്കാലിക അവധി നല്കി ആഗോള കത്തോലിക്കാ സഭാത്തലവന്‍ ലിയോ മാര്‍പാപ്പ വേനല്‍ അവധിക്കായി വത്തിക്കാന്റെ ചരിത്രപ്രസിദ്ധമായ വേനല്‍ക്കാല വസതിയായ കാസ്റ്റെല്‍ ഗാന്‌ഡോള്‍ഫോയിലെ വിശ്രമകേന്ദ്രത്തിലേക്ക് പോയി. ഈ മാസം 27 വരെ അദ്ദേഹം അവിടെ തുടരുമെന്നും, ആ കാലയളവില്‍ പൊതുജന സന്ദര്‍ശനങ്ങളും കൂടിക്കാഴ്ചകളും ഉണ്ടായിരിക്കില്ലെന്നും വത്തിക്കാന്‍ അറിയിച്ചു
അല്‍ബാനോ തടാകത്തിന് അഭിമുഖമായി നിലകൊള്ളുന്ന അപ്പോസ്‌തോലിക് കൊട്ടാരത്തിലാണ് അദ്ദേഹം താമസിക്കുന്നത്. . അവിടെ എത്തിയ ഉടന്‍ തന്നെ കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട മാര്‍പ്പാപ്പ പട്ടണത്തിലെ പ്രധാന ചത്വരത്തില്‍ ഒത്തുകൂടിയവിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ആശീര്‍വദിക്കുകയും ചെയ്തു.നിങ്ങളോടൊപ്പം ഇവിടെ കഴിയാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അടുത്ത ഏതാനും ആഴ്ചകള്‍ വിശ്രമത്തിനും, പ്രാര്‍ത്ഥനയ്ക്കും, വായനയ്ക്കും, കഴിയുമെങ്കില്‍ കുറച്ച് കായിക വിനോദങ്ങള്‍ക്കുമായി ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സീസ് മാര്‍പാപ്പ തന്റെ 12 വര്‍ഷത്തെ മാര്‍പ്പാപ്പ സ്ഥാനകാലത്ത് കാസ്റ്റെല്‍ ഗാന്‌ഡോള്‍ഫോയിലെ വേനലവധി പതിവ് ഒഴിവാക്കുകയും അപ്പോസ്‌തോലിക് കൊട്ടാരം പൊതുജനങ്ങള്‍ക്ക് തുറന്ന ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തിരുന്നു.എന്നാല്‍, ലിയോ ഇപ്പോള്‍ ദീര്‍ഘകാലം അവിടെ താമസിക്കുന്നതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ അപ്പോസ്‌തോലിക് കൊട്ടാരം കൂടുതല്‍ അനുയോജ്യമാണെന്ന് വത്തിക്കാന്‍ തീരുമാനിച്ചു. ഇതുവഴി, ഹോളി സീയിലെ ആവശ്യമായ ഭരണസംവിധാനവും മാര്‍പ്പാപ്പയോടൊപ്പം അവിടേക്ക് മാറി, വത്തിക്കാന്റെ ഭരണപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരാന്‍ സാധിക്കും. കഴിഞ്ഞ വേനല്‍ക്കാലത്ത് ലിയോ മാര്‍പാപ്പ ഏതാനും ആഴ്ചകള്‍ ഈ വിശ്രമകേന്ദ്രത്തില്‍ ചെലവഴിച്ചിരുന്നു.
Pope Leo at the Castel Gandolfo retreat for the summer holidays.
















