വയനാട് ദുരന്തഭൂമിയിൽ എത്താതിരുന്നതിൽ പ്രിയങ്ക ഗാന്ധി എം പിക്കെതിരെ ഉയർന്ന വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ച് മന്ത്രി ടി രംഗത്തെത്തി. ഭൗതികമായി പ്രദേശത്ത് നേരിട്ട് എത്തിയില്ലെങ്കിലും വിദൂരത്തിൽ നിന്നുകൊണ്ട് കൃത്യമായി ഇടപെടലുകൾ നടത്താൻ പ്രിയങ്ക ഗാന്ധിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.ഡി. സതീശൻ അധ്യക്ഷത വഹിച്ച അവലോകന യോഗത്തിൽ പ്രിയങ്ക ഗാന്ധി ഓൺലൈനായി പങ്കടുക്കുകയും പുനരധിവാസ പ്രവർത്തനങ്ങൾക്കായി നിർണ്ണായക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇല്ലാത്ത പരാതിയാണ് ഇപ്പോൾ ചിലർ രാഷ്ട്രീയ ലാഭത്തിനായി ഉയർത്തുന്നത്. ദുരന്തത്തിൽ മരണപ്പെട്ട അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങളെ നേരിട്ട് സഹായിക്കാൻ അവർ നടത്തിയ ഇടപെടലുകൾക്ക് ആ കുടുംബങ്ങൾ നന്ദി അറിയിച്ചത് തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ തെളിവെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
പത്മശ്രീ പെരുവയൽ രാമനൊപ്പം സാധാരണക്കാരിയായി നടന്നു നീങ്ങിയ പ്രിയങ്ക ഗാന്ധിക്ക് ജനങ്ങൾക്കിടയിൽ ഒരിക്കലും വി.ഐ.പി പരിവേഷമില്ലെന്നും, ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് തണലേകുന്ന തങ്ങളുടെ ‘ടവർ അംബ്രല്ല’യാണ് പ്രിയങ്കയെന്നും വയനാട്ടിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും ഉറപ്പിച്ചു പറയുന്നുവെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. വയനാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി, ജനപ്രതിനിധി എന്ന നിലയിലും നേതാവ് എന്ന നിലയിലും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ അവർ നിരന്തരം മുന്നിലുണ്ടെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ടി. സിദ്ദിഖ് അറിയിച്ചു. കോൺഗ്രസ് തറക്കല്ലിട്ട വീടുകളുടെ നിർമ്മാണത്തിനായുള്ള ഔദ്യോഗിക കരാർ ഇന്നോ നാളെയോ ആയി ഒപ്പിടും. ‘നിർമ്മാൺ’ എന്ന പ്രമുഖ നിർമ്മാണ കമ്പനിയുമായാണ് ഇത് സംബന്ധിച്ച കരാറിൽ ഏർപ്പെടുന്നത്. നേരത്തെ മുസ്ലിം ലീഗ് ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിച്ചു നൽകിയതും ഇതേ കമ്പനിയെ ചുമതലപ്പെടുത്തിക്കൊണ്ടായിരുന്നു.
പുനരധിവാസ പദ്ധതികൾ വൈകുന്നുവെന്ന രീതിയിൽ ഉയരുന്ന തെറ്റായ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, അതിവേഗത്തിൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഇരകൾക്ക് കൈമാറുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കുന്നതിനായി ഭരണ-പ്രതിപക്ഷ ഭേദമന്യേ സർക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് മുന്നോട്ട് പോകുന്ന വേളയിലാണ് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന പുതിയ നീക്കങ്ങൾ നടക്കുന്നത്.
















