സുരേന്ദ്രന്‍ നായര്‍
ലോകത്തിലെ ഏറ്റവും ആദ്യത്തെ സാഹിത്യം വേദസാഹിത്യമാണെങ്കില്‍ ആദികാവ്യം വാല്മീകി രാമായണമാണ്. രാമായണത്തിന്റെ ഒരു പാരായണ മാസക്കാലം കൂടി ആഗതമാകുകയാണല്ലോ.
കൊയ്ത്തുകാലത്തിന്റെ കാത്തിരിപ്പായിട്ടുള്ള പഞ്ഞ കര്‍ക്കിടക രാവുകളുടെ ദുഃഖവും ഭയാശങ്കകളും അകറ്റി
മലയാളി മനസ്സുകളില്‍ സാരസ്വത ദീപത്തിന്റെ ശോഭ തെളിയിക്കുന്ന ഒരു പതിവായിരുന്നു പണ്ടത്തെ രാമായണ പാരായണം. കാര്‍ഷിക സംസ്‌കൃതി വഴിമാറി നിര്‍മ്മിത ബുദ്ധിയുടെയും സാങ്കേതിക വളര്‍ച്ചയുടെയും പുതുയുഗം പിറന്നിട്ടും രാമായണത്തിന്റെ പാരായണ ക്ഷമതയും സന്ദേശ സൗകുമാര്യവും കാലാതീതമായി തുടരുന്നതിന്റെ പൊരുളാണ് ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. കണ്ണീരും കനലും ധര്‍മ്മവും ഇവിടെ സമ്മേളിക്കുന്നു.
വനവാസിയായ വാല്‍മീകിയുടെ രചനാ ഭൂമിക ഭാരതമായിരുന്നെങ്കിലും ലോകത്തിന്റെ പല ദേശങ്ങളിലായി വിവിധ ഭാഷകളിലായി ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന രാമന്റെ കഥയെ ആധാരമാക്കി വിവിധതരം രാമായണങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. വാല്‍മീകി രാമായണത്തിന് പുനരാവിഷ്‌കാരം നല്‍കി അതാതു ദേശങ്ങളിലെ മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരിച്ചു പുനര്‍ജനിച്ച രാമായണങ്ങള്‍ അതാതിടങ്ങളിലെ സാംസ്‌കാരിക പ്രതിഭാസങ്ങളായി തുടരുന്നു. പ്രശസ്ത ഭാഷപണ്ഡിതനായിരുന്ന എ കെ രാമാനുജന്‍ ജൈന രാമായണവും ബുദ്ധ രാമായണവും ഉള്‍പ്പെടെ മുന്നൂറിലധികം രാമായണങ്ങള്‍ നിലവിലുള്ളതായി തന്റെ വിഖ്യാത പ്രബന്ധമായ ഠവൃലല ഔിറൃലറ ഞമാമ്യമിമ െ ല്‍ അഭിപ്രായപ്പെടുന്നു. തായ്ലന്‍ഡില്‍ രാമായണം ദേശീയ ഇതിഹാസമാണെങ്കില്‍ ഇന്തോനേഷ്യയില്‍ കാകവിന്‍ രാമായണവും കംബോഡിയയില്‍ രീംകെയര്‍ നാടകശില്പവുമാണ്. ലാവോസിലും മ്യാന്മറിലും ഫിലിപ്പീന്‍സിലും അവരുടേതായ ആഖ്യാനങ്ങളില്‍ രാമകഥകള്‍ നിലനില്‍ക്കുന്നു. ദേശങ്ങളുടെയും ഭാഷകളുടെയും വ്യത്യസ്തകള്‍ക്കിടയിലും രാമായണത്തെ മലയാളിയും ജാതിമത ഭേദമന്യേ നെഞ്ചിലേറ്റുന്നതിനു അതിന്റെ രചനാ വൈഭവത്തോടൊപ്പം അതുള്‍ക്കൊള്ളുന്ന സാര്‍വ്വജനീയമായ സന്ദേശ സമ്പുഷ്ടതയും കാരണമാകുന്നു. .
രാമായണമെന്ന ഇതിഹാസകാവ്യം മുന്നോട്ടുവയ്ക്കുന്ന സന്ദേശം ധര്‍മ്മ നിഷ്ഠയും സത്യ സാധനയുമാണ്. ആ സന്ദേശസാക്ഷാത്കാരത്തില്‍ ബഹുവിധ ബന്ധവിച്ഛേദങ്ങളുടെ ശോകവും അകല്‍ച്ചകളുടെ ആകുലതകളും നിറയുന്നതിനാലാണ് രാമായണത്തിന്റെ ഉള്ളടക്കത്തെ ”ശോകം വെറും ശോകം; അത് ശ്ലോകമായി” എന്ന് മഹാകവി കാളിദാസന്‍ വിശേഷിപ്പിച്ചത്. ഇഹലോകത്തില്‍ കാണുന്ന അപൂര്‍ണ്ണതകളെയും സഹജമായ സാങ്കല്‍പ്പിക ഭയത്തെയും കുറിച്ച് ഖിന്നനായിരുന്ന വാല്മീകിയുടെ പൂര്‍ണ്ണതയന്വേഷിച്ചുള്ള യാത്രയില്‍ ലോകംമുഴുവന്‍ സഞ്ചരിക്കുന്നയാള്‍ എന്ന ഖ്യാതിയുള്ള നാരദനോട് അതേക്കുറിച്ചു ചോദിക്കുകയും അദ്ദേഹത്തിന്റെ മറുപടി പ്രകാരം ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന കോസല രാജാവായ ദശരഥന്റെ പുത്രനായ ശ്രീരാമചന്ദ്രനിലുടെ ഒരു പൂര്‍ണ്ണമനുഷ്യനെ കണ്ടെത്താന്‍ നടത്തുന്ന അന്വേഷണമാണ് രാമായണം.
വാല്മീകിയുടെ പൂര്‍ണ്ണതാ സങ്കല്‍പ്പത്തിന് സാക്ഷിയാകുന്ന രാമന്‍ അകല്‍ച്ചകളുടെയും ബന്ധവിച്ഛേദങ്ങളുടെയും വൈകാരിക പ്രതിസന്ധികളെ ധാര്‍മ്മികതകൊണ്ട് അതിജീവിക്കുന്നു. ദൈവിക പരിവേഷം അധികമില്ലാത്ത വാല്‍മീകിയുടെ രാമന്‍ ധര്‍മ്മ സംരക്ഷണത്തിനായി ആശ്രയിച്ചിരുന്ന ആയുധം ത്യാഗമായിരുന്നു.
പത്‌നിയായ കൈകേയിയുടെ വാശിക്ക് മുന്നില്‍ ഇക്ഷ്വാകു വംശത്തിന്റെ സത്യനിഷ്ഠ നിലനിര്‍ത്താന്‍ ദശരഥ മഹാരാജാവ് പുത്രവാത്സല്യം വെടിഞ്ഞു ശ്രീരാമനെ വനവാസത്തിനു നിയോഗിക്കുമ്പോള്‍ പുത്രധര്‍മ്മം സംരക്ഷിക്കാനായി രാമന്‍ രാജ്യവും സിംഹാസനവും ഉപേക്ഷിച്ചതിലൂടെ ത്യാഗത്തിന്റെ സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.സത്യവും ധര്‍മ്മവും ത്യാഗത്തിലൂടെയാണ് വിജയം വരിക്കുന്നത്. .
വാല്മീകി മഹര്‍ഷി രാമന് പ്രാധാന്യം നല്‍കുമ്പോള്‍ ഇതര ദേശങ്ങളിലെയും ഭാഷകളിലെയും രാമകഥകള്‍സീതയെയും രാവണനെയും ലക്ഷ്മണനെയും ഭരതനെയും നായക സങ്കല്‍പ്പങ്ങളില്‍ പ്രതിഷ്ഠിക്കുന്നുണ്ട്. അവിടേയും ത്യാഗവും സഹനവും ധര്‍മ്മവും തന്നെയാണ് പ്രതിപാദ്യ വിഷയം. കൊട്ടാരജീവിതം കൈവിട്ടു ഭതൃശുശ്രുഷാര്‍ത്ഥം കല്ലുംമുള്ളും ഹിംസ്ര ജന്തുക്കളും നിറഞ്ഞ ഘോരവനത്തിലേക്കു ഭര്‍ത്താവിനോടൊപ്പം യാത്രയാകുന്ന സീത ഒരു സഹധര്‍മ്മിണിയുടെ പത്‌നീധര്‍മ്മത്തെയാണ് പരിപാലിച്ചു മാതൃകയാകുന്നത്. രാജാധികാരം ലഭിച്ച ഭരതന്‍ പദവി ഏറ്റെടുക്കാതെ ജ്യേഷ്ഠനുവേണ്ടി പതിനാലുകൊല്ലം ജഡാവല്‍ക്കലം ധരിച്ചു സിംഹാസനാരൂഢനല്ലാതെ രാജഭരണം നടത്തിയതും യുവരാജാവാകേണ്ട ലക്ഷ്മണന്‍ സുഖഭോഗങ്ങളെല്ലാം വലിച്ചെറിഞ്ഞു ഊര്‍മ്മിളയെപോലും ഉപേക്ഷിച്ചു സഹോദരന്റെ സംരക്ഷണാര്‍ത്ഥം അദ്ദേഹത്തെ അനുഗമിക്കുന്നതും ബന്ധങ്ങളുടെ മൂല്യങ്ങള്‍ നിലനിര്‍ത്താനുള്ള ത്യാഗത്തിന്റെയും ഭാതൃ ധര്‍മ്മ സംരക്ഷണത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്.
ബലവാനായ ബാലിയെ ക്ഷത്രിയധര്‍മ്മം വെടിഞ്ഞു ഒളിയമ്പെയ്തു രാമന്‍ നിഗ്രഹിക്കുമ്പോള്‍
സംരക്ഷിച്ചത് സ്ത്രീസുരക്ഷ ധര്‍മ്മമാണ്. അനുജനായ സുഗ്രീവനെ നാടുകടത്തിയിട്ടു ഭാര്യ രുമയെ ബലാല്‍ക്കാരമായി കൈവശപ്പെടുത്തിയ ബാലി സഹോദരന്റെ ഭാര്യയെ സഹോദരിയായി കാണണമെന്ന രാജധര്‍മ്മത്തെയും സ്ത്രീ സുരക്ഷയേയുമാണ്
അധികാരംകൊണ്ടു വെല്ലുവിളിച്ചത്. രാമന്‍ രാജധര്‍മ്മം നിലനിര്‍ത്താനായി ക്ഷത്രിയ യുദ്ധനീതി അവഗണിച്ചു ബാലിയെ വധിക്കുന്നു.
രാജധര്‍മ്മവും പതീധര്‍മ്മവും തമ്മില്‍ രാമന്റെ ഉള്ളില്‍ നടക്കുന്ന ആന്തരിക സംഘട്ടനമാണ് ഉത്തര രാമായണത്തിലെ സീതാ പരിത്യാഗത്തില്‍ കാണുന്നത്. പ്രജാതത്പര്യത്തിന് മുന്‍ഗണന നല്‍കുന്ന രാജധര്‍മ്മവും പത്‌നിക്ക് സംരക്ഷം നല്‍കേണ്ട ഭതൃധര്‍മ്മവും മുഖാമുഖം മത്സരിക്കുന്നു. രാവണന്റെ അധീനതയില്‍ കഴിഞ്ഞിരുന്ന സീതയുടെ പാതിവൃത്യത്തില്‍ സംശയാലുക്കളായ പ്രജകള്‍ ഒരു വശത്തും അഗ്‌നിശുദ്ധി വരുത്തി പാതിവൃത്യം തെളിയിച്ച ഭാര്യ മറുവശത്തും. ഇതിലേതിനെ സ്വീകരിക്കണം എന്നതായിരുന്നു രാമന്റെ മാനസിക സങ്കര്‍ഷം. ത്രേതായുഗത്തിലെ പ്രജാതത്പരനായ രാജാവിന്റെ രാജനീതി ഒരുഭാഗത്തും സ്‌നേഹനിധിയായ ഭര്‍ത്താവിന്റെ സ്വകാര്യമായ പതീധര്‍മ്മം മറുഭാഗത്തും. നൃപധര്‍മ്മം പൂര്‍ത്തീകരിക്കണമെങ്കില്‍ ദുര്‍ഘടമായ വനയാത്രയില്‍ താനും ലക്ഷ്മണനും മധ്യത്തില്‍ നടത്തി സംരക്ഷിച്ച, ഘോരമായ രാമരാവണ യുദ്ധത്തില്‍ രാവണനെ വധിച്ചു വീണ്ടെടുത്ത പ്രിയപത്‌നി സീതയെ ഉപേക്ഷിക്കണം. ഈ പരീക്ഷണത്തില്‍ ശരികളില്‍ കൂടുതല്‍ ശരിയായതിനെ തെരഞ്ഞെടുത്തുകൊണ്ടു സീതയെ പരിത്യജിക്കാനാണ് രാമന്‍ തയ്യാറായത്. ( ഇന്നും വിവാദങ്ങളും വിചാരണകളും തുടരുന്ന നടപടി )
ഇണചേര്‍ന്നിരുന്ന ക്രൗഞ്ച പക്ഷികളില്‍ ഒന്നിനെ അമ്പെയ്തുവീഴ്ത്തിയ കാട്ടാളന്‍ ; കവിയുടെ ഹൃദയത്തില്‍ ഉണ്ടാക്കിയ ദുഃഖത്തില്‍ തുടങ്ങി സീതയുടെ അന്തര്‍ധാനം – വരെയുള്ള രാമായണത്തിലെ അരങ്ങൊഴിയാത്ത ആകുലതകള്‍ ശ്രീരാമന്‍ സരയൂനദിയിലെ ജലസമാധിയില്‍ വിലയം പ്രാപിക്കുന്നതുവരെ തുടരുന്നു. രാമസീതാ കല്യാണം കേവലമായാ കവികല്‍പ്പനയല്ല ഭാരതത്തിന്റെ പൗരാണിക സന്ദേശമാണ്. കാലഗണനകള്‍ക്കും ശേഷിപ്പുകള്‍ക്കും അപ്പുറമുണ്ടായിരുന്ന സമത്വ ദര്‍ശനത്തിന്റെ മൂര്‍ത്തഭാവമാണത്. രാമന്റെയും സീതയുടെയും സ്വരൂപങ്ങള്‍ കര്‍മ്മയോഗത്തിലും കര്‍മ്മഫല സിദ്ധാന്തത്തിലും അധിഷ്ഠിതമായ ദര്‍ശനമാണ്. ഉന്നത കുലജാതനായ ശ്രീരാമന്റെ ജനനവും ജാതകവും വസിഷ്ട മഹര്‍ഷി ജ്യോതിഷ വിധിപ്രകാരം കാലഗണനയനുസരിച്ചു കൃത്യമായി രാമായണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ജന്മനക്ഷത്രവും തിഥിയും ഗ്രഹനിലയും ഗണിച്ചു ലിഖിതപ്പടുത്തിയിട്ടുണ്ട്. ആചാരപ്രകാരം ഉപനയനവും എല്ലാ അസ്ത്രശാസ്ത്ര അഭ്യാസങ്ങളും പൂര്‍ത്തിയാക്കിയ കിരീടാവകാശി. എന്നാല്‍ ജീവിതസഖിയായി വരുന്ന സീത ഇതിന്റെയൊക്കെ നേര്‍വിപരീതം. ജാതിയില്ല ജാതകവുമില്ല പിറന്ന സ്ഥലമോ മാതാപിതാക്കളോ അവള്‍ക്കില്ല. ആരോ പ്രസവിച്ചു ഉഴവുചാലിലേക്കു വലിച്ചെറിഞ്ഞ അനാഥ പെണ്ണ്. അനാഥകുഞ്ഞിനെ എടുത്തുവളര്‍ത്തിയ ജനക മഹാരാജാവില്‍ നിന്നും സ്വയംവരത്തിലൂടെ വധുവാക്കിയ രാമന്‍ അവളെ അയോധ്യയിലെ രാജ്ഞിയാക്കുന്നു. രാജാക്കന്മാര്‍ക്ക് ബഹുഭാര്യത്വം അനുവദിക്കപ്പെട്ടിരുന്ന അക്കാലത്തു ഏകപത്‌നീ വൃതനായി ജീവിതാവസാനംവരെ കഴിയുന്ന രാമന്‍ രാജധര്‍മ്മത്തിന്റെ നിബന്ധനകള്‍ തടസ്സമാകാത്തിടത്തോളം പതീധര്‍മ്മത്തില്‍ നിഷ്‌കര്‍ഷത പാലിക്കുന്നു. ത്രേതാ യുഗത്തിലെ രാമസീതാ സംയോജനത്തില്‍ കലികാലത്തിലെ വര്‍ണ്ണവ്യവസ്ഥയുടെയോ വിഭാഗീയതയുടെയോ ലക്ഷണങ്ങള്‍ യാതൊന്നും അവശേഷിപ്പിക്കുന്നില്ല. ധര്‍മ്മത്തിന് വ്യാഖ്യാനം ചമയ്ക്കാന്‍ മുതിരുന്നവര്‍ ധര്‍മ്മമെന്നത് കാലത്താലും ദേശത്താലും ബന്ധിതമാണെന്ന സത്യം മറന്നുപോകാറുണ്ട്.
രാമന്റെ വഴിയായും സഞ്ചാരമായും രാമായണത്തിന് അര്‍ത്ഥതലങ്ങള്‍ കല്‍പ്പിക്കാമെങ്കിലും കാവ്യത്തിലെ കേന്ദ്രീകൃതവും പ്രഭാപൂണ്ണവുമായ കഥാപാത്രം എന്നും സീതയാണ്. അചഞ്ചലമായ ആദര്ശങ്ങളുടേയും നിശ്ചയദാര്‍ഢ്യത്തിന്റെയും അതേസമയം തന്നെ സഹനത്തിന്റെയും പ്രതീകമായ സീതയുടെ ഔന്നത്യം പ്രതിപാദിക്കുന്നതില്‍ വാല്മീകി സ്വീകരിച്ച മൗനത്തെ കാളിദാസനും ഭവഭൂതിയും ശക്തിഭദ്രനും സംസ്‌കൃതത്തിലൂടെയും കുമാരനാശാനും എം ലീലാവതിയും മലയാളത്തിലൂടെയും ഭഞ്ജിച്ചിട്ടുണ്ട്. വനവാസത്തിനായി തയ്യാറെടുത്ത ആര്യപുത്രന്റെ കൂടെ പുറപ്പെടാന്‍ ഒരുങ്ങിയ സീതയെ പിന്തിരിപ്പിച്ചു അയോധ്യയില്‍ നിര്‍ത്താന്‍ രാമനും ഉറ്റവരും ശ്രമിച്ചപ്പോള്‍ രാമന്‍ എവിടെയാണോ അവിടെയാണ് തന്റെ അയോധ്യ എന്ന ഉറച്ച തീരുമാനത്തോടെ രാമനെ അനുഗമിച്ചതും അശോകവനികയില്‍ രാവണന്റെ തടവില്‍ കഴിയുമ്പോള്‍ ഉണ്ടായ പ്രലോഭനങ്ങളെയും ഭീഷണികളെയും ധീരമായി നേരിട്ടതും രാമദൂതുമായി എത്തിയ ഹനുമാന്‍ സീതയെ ചുമലിലേറ്റി രക്ഷപ്പെടുത്താമെന്ന വാഗ്ദാനം നല്‍കിയപ്പോള്‍ പരപുരുഷ സ്പര്ശനം ഒഴിവാക്കാനായി അഭ്യര്‍ത്ഥന നിരസിച്ചതും സീതയുടെ കരുത്തുകാട്ടുന്ന പ്രകടനങ്ങളാണ്. ലങ്കാപുരി അഗ്‌നിക്കിരയാക്കിയ ഹനുമാനെ സ്ത്രീകളെ ആക്രമിക്കുന്ന ദൗത്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സീത നല്‍കുന്ന ” നകഞ്ചിന്നാപര്യാധ്യതി ” (തെറ്റ് ചെയ്യാത്തവരായി ഈ ലോകത്തില്‍ ആരുമില്ല) എന്ന പ്രസ്താവ്യം വാല്‍മീകിയുടെ ഉദാത്തമായ വരികളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നതാണ്. രാമനാല്‍ തിരസ്‌കൃതയായി വാല്‍മീകിയുടെ ആശ്രമത്തില്‍ കഴിയുന്ന സീതയെ രാമസദസ്സിലെത്തിച്ചു വീണ്ടും ചാരിത്ര്യശുദ്ധി തെളിയിക്കാന്‍ ആവശ്യപ്പെടുന്ന സദസ്സിനോട് ശക്തമായി വിയോജിച്ചുകൊണ്ടു ജന്മംനല്‍കിയ ഭൂമിദേവിയോട് തന്നെ തിരിച്ചു സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയോടെ ഭൂമിയിലേക്ക് അന്തര്‍ധാനം ചെയ്യുന്ന സീത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ നേര്‍സാക്ഷ്യമായി രാമകഥയില്‍ തിളങ്ങി നില്‍ക്കുന്നു. പുരുഷകേന്ദ്രീകൃതമായ സാമൂഹ്യാവസ്ഥ നിലനിന്നിരുന്ന അക്കാലത്തു ഭാരതീയ സ്ത്രീ സങ്കല്‍പ്പത്തിന്റെ ഉദാത്ത മാതൃകയായി രാമായണത്തില്‍ ലാവണ്യ പ്രഭ ചൊരിയുന്നതുകൊണ്ടാകാം ഡോ: എം ലീലാവതി ഈ ഇതിഹാസത്തിനു സീതായനം എന്ന പര്യായം നല്‍കി ആദരിച്ചത്.
Reflections on the Ramayana: A Confluence of Tears, Embers, and Righteousness.
















