swayamvara
pulimoottil

പിഎസ്‌സി പരീക്ഷയിൽ ഗുരുതര വീഴ്ച: ചോദ്യപേപ്പർ മാറി നൽകി, സംസ്ഥാനവ്യാപകമായി ഉച്ചയ്ക്കത്തെ പരീക്ഷ റദ്ദാക്കി

പിഎസ്‌സി പരീക്ഷയിൽ ഗുരുതര വീഴ്ച: ചോദ്യപേപ്പർ മാറി നൽകി, സംസ്ഥാനവ്യാപകമായി ഉച്ചയ്ക്കത്തെ പരീക്ഷ റദ്ദാക്കി

ആലപ്പുഴ: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) നടത്തിയ പരീക്ഷയിൽ വൻ സുരക്ഷാവീഴ്ച. ചോദ്യപേപ്പർ പാക്കറ്റ് മാറി പൊട്ടിച്ചതിനെ തുടർന്ന് കമ്പനി/കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് ഉൾപ്പെടെയുള്ള തസ്തികകളിലേക്കായി നടത്താനിരുന്ന പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ റദ്ദാക്കി. ആലപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ ഉണ്ടായ പിഴവാണ് സംസ്ഥാനവ്യാപകമായി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ദുരിതത്തിലാക്കിയത്.

ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ ആലപ്പുഴ ലജനത് സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ, രാവിലത്തെ സെഷനിൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് മാറി നൽകിയത് ഉച്ചയ്ക്ക് ശേഷം 1.30-ന് നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. ഉച്ചയ്ക്കത്തെ പരീക്ഷയ്ക്കായി മാറ്റിവെച്ചിരുന്ന ചോദ്യപേപ്പർ പാക്കറ്റാണ് അധികൃതർ മാറി പൊട്ടിച്ചത്. രാവിലെ പരീക്ഷ കഴിഞ്ഞിറങ്ങിയ ഉദ്യോഗാർത്ഥികളിൽ നിന്നാണ് ഉച്ചയ്ക്കത്തെ പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണം ചെയ്തതെന്ന വിവര പുറത്തുവരുന്നത്

ചോദ്യപേപ്പർ ചോർന്നതിന് തുല്യമായ സാഹചര്യം ഉണ്ടായതോടെ, പരീക്ഷ ആരംഭിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ അടിയന്തരമായി റദ്ദാക്കുന്നതായി പിഎസ്‌സി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, ആലപ്പുഴയിലെ ഈ നിർദ്ദിഷ്ട പരീക്ഷാ കേന്ദ്രത്തിൽ രാവിലെ പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് പുതിയ ചോദ്യപേപ്പർ തയാറാക്കി പിന്നീട് പരീക്ഷ നടത്തുമെന്നും സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലെ രാവിലത്തെ പരീക്ഷകളുടെ മൂല്യനിർണ്ണയം പതിവുപോലെ നടക്കുമെന്നും പിഎസ്‌സി അറിയിച്ചു.

ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്. റദ്ദാക്കിയ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ പരീക്ഷയ്‌ക്കെത്തിയ ഒന്നര ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പിഎസ്‌സിയുടെ ഈ അനാസ്ഥ മൂലം വഴിയിലായത്.

Share Email
LATEST excelnclexrn
More Articles
Top