യൂറോപ്പിൽ ചരിത്രത്തിലെ ഏറ്റവും കഠിനമായ ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം 3800 കടന്നു. ഫ്രാൻസ്, ജർമനി, നെതർലാൻഡ്‌സ്, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രാജ്യങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ നാൽപത് വയസിന് മുകളിലുള്ളവരിലാണ് മരണസംഖ്യ ക്രമാതീതമായി വർധിക്കുന്നത്. കടുത്ത ചൂടിനൊപ്പം ഫ്രാൻസിലും സ്പെയിനിലും മെഡിറ്ററേനിയൻ തീരങ്ങളിൽ കാട്ടുതീ അതിവേഗം പടരുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഫ്രാൻസിലും സ്പെയിനിലും പടരുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിരിക്കുകയാണ്. അപകടമേഖലകളിൽ നിന്ന് വിനോദസഞ്ചാരികളടക്കം അയ്യായിരത്തിലധികം പേരെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കഠിനമായ ജൂൺ, ജൂലൈ മാസങ്ങളിലൂടെയാണ് യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയങ്ങൾ കർശന നിർദേശം നൽകിയിട്ടുണ്ട്.
മറുവശത്ത്, അമേരിക്കയുടെ മധ്യ, കിഴക്കൻ പ്രദേശങ്ങളിലും ഉഷ്ണതരംഗം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. താപനില 40 ഡിഗ്രി കടന്നതോടെ അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങൾ പോലും പ്രതിസന്ധിയിലായി. കടുത്ത ചൂടിനെത്തുടർന്ന് ന്യൂയോർക്ക്, ന്യൂജെഴ്സി, ഫിലാഡൽഫിയ എന്നീ പ്രമുഖ നഗരങ്ങളിൽ നടത്താനിരുന്ന സ്വാതന്ത്ര്യദിന പരേഡുകളും മറ്റ് ആഘോഷപരിപാടികളും മാറ്റിവെച്ചു. കൂടാതെ തെക്കൻ കൊളറാഡോയിൽ പടരുന്ന വലിയ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
















