ഫ്‌ളോറിഡ: മുന്‍ കാമുകിയെ ബന്ധിയാക്കിയ പ്രതി ഫ്‌ളോറിഡയില്‍ പോലീസിനു നേരെ വെടി ഉതിര്‍ത്തു: വെടിവെയ്പില്‍ രണ്ട് ഡെപ്യൂട്ടി ഷെരീഫുമാര്‍ക്ക് പരിക്ക. ഇരുവരേയും ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി.ഒരു സ്ത്രീയെ രാത്രി മുഴുവന്‍ ബന്ദിയാക്കി വച്ചെന്ന കേസിലെ പ്രതിയെ സമീപിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് ഹില്‍സ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
34-കാരനായ ക്രിസ് ഡ്മുചോവ്സ്‌കി എന്ന പ്രതിയെ സംഭവസ്ഥലത്തെത്തിയ മൂന്നാമത്തെ ഡെപ്യൂട്ടി വെടിവെച്ച് പരിക്കേല്‍പ്പിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ഇയാള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.റസ്‌കിന്‍ നഗരത്തിലെ വെസ്റ്റ് ഷെല്‍ പോയിന്റ് റോഡിലുള്ള വീട്ടില്‍ പ്രതി തന്റെ മുന്‍ കാമുകിയെ രാത്രി മുഴുവന്‍ ബന്ദിയാക്കിയെന്ന വിവരത്തെ തുടര്‍ന്നാണ് ഡെപ്യൂട്ടി ഷെരീഫുമാര്‍ സ്ഥലത്തെത്തിയതെന്ന് ഹില്‍സ്ബറോ കൗണ്ടി ഷെരീഫ് ചാഡ് ക്രോണിസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്രതി യുവതിയെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, രാവിലെ യുവതി ബോധം വീണ്ടെടുത്ത ശേഷം അവളെ വിട്ടയച്ചതായും ഷെരീഫ് വ്യക്തമാക്കി.
തുടര്‍ന്ന് യുവതി സംരക്ഷണ ഉത്തരവ് തേടി ഷെരീഫ് ഓഫീസിലെത്തിയതോടെ, പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ അധികൃതര്‍ സ്ഥലത്ത് ഡ്രോണ്‍ വിന്യസിച്ച് നിരീക്ഷണം ആരംഭിച്ചു.വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിയും ഡെപ്യൂട്ടി ഷെരീഫുമാരും തമ്മില്‍ വീടിന് പുറത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വെടിവെപ്പുണ്ടായി.
ഞങ്ങളുടെ ഡെപ്യൂട്ടിമാര്‍ സ്ഥലത്തെത്തിയ നിമിഷം മുതല്‍ പ്രതി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഒരു ഡെപ്യൂട്ടി ഷെരീഫിന്റെ ജീവന്‍ അപഹരിക്കാനായിരുന്നു അവന്റെ ഉദ്ദേശ്യം,’ എന്ന് ഷെരീഫ് ക്രോണിസ്റ്റര്‍ പറഞ്ഞു.പ്രതി നടത്തിയ വെടിവെപ്പില്‍ ഒരു ഡെപ്യൂട്ടിയുടെ മുഖത്തും, മറ്റൊരാളുടെ കഴുത്തിലും വെടിയേറ്റു. തുടര്‍ന്ന് മൂന്നാമത്തെ ഡെപ്യൂട്ടി പ്രതിക്കുനേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു.
















