പ്രസാദ് തീയാടിക്കൽ
പാം ബീച്ച് , ഫ്ലോറിഡ: ഫ്ലോറിഡയിൽ 8 വയസ്സുള്ള മകളുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് മുൻ യുവജന പാസ്റ്റർ ജോയൽ ലൈനിസ് (38) നെ പൊലീസ് അറസ്റ്റ് ചെയ്തു. DUI Manslaughter (മദ്യലഹരിയിൽ വാഹനം ഓടിച്ച് മരണത്തിന് കാരണമായത്), Vehicular Homicide എന്നീ ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
2026 ജനുവരി 17-ന് പാം ബീച്ച് കൗണ്ടിയിലുണ്ടായ അപകടസമയത്ത്, മണിക്കൂറിൽ 40 മൈൽ മാത്രം വേഗപരിധിയുള്ള റോഡിൽ 104 മൈൽ വേഗത്തിലാണ് ഇയാൾ എസ്‌യുവി ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പെൺമക്കളിൽ 8 വയസ്സുള്ള സോയ് ലൈനിസ് അപകടത്തിൽ മരിക്കുകയായിരുന്നു. മറ്റ് രണ്ട് പെൺമക്കൾക്ക് പരിക്കേറ്റെങ്കിലും അവർ രക്ഷപ്പെട്ടു.

അപകടത്തിന് പിന്നാലെ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി ജോയൽ ലൈനിസിന് ജാമ്യം അനുവദിച്ചെങ്കിലും, കേസ് തുടരുന്ന കാലയളവിൽ ജീവിച്ചിരിക്കുന്ന രണ്ട് മക്കളുമായി നേരിട്ട് ബന്ധപ്പെടരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട സന്ദർശനങ്ങൾ ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഫാമിലീസിന്റെ മേൽനോട്ടത്തിലായിരിക്കും.

സംഭവത്തിന് ഏകദേശം ഒരു വർഷം മുമ്പ് ജോയൽ ലൈനിസിന്റെ ഭാര്യ സ്തനാർബുദത്തെ തുടർന്ന് മരിച്ചിരുന്നു. കുടുംബത്തെ തുടർച്ചയായി വേട്ടയാടിയ ദുരന്തങ്ങൾക്കൊടുവിലാണ് ഈ അപകടവും കേസും ദേശീയ ശ്രദ്ധ നേടിയത്.














