ഏപ്രിൽ 8ലെ വെടിനിർത്തലിന് ശേഷം ആദ്യമായി ഇറാനിലെ സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയുടെ ശക്തമായ ആക്രമണം. പാലങ്ങളും റെയിൽവേ ട്രാക്കുകളും ചബഹർ തുറമുഖത്തെ കൺട്രോൾ റൂമും ഉൾപ്പെടെ 90 കേന്ദ്രങ്ങളാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് തകർത്തത്. ആക്രമണങ്ങളിൽ ഇറാനിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇയുടെ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം കർബലയിൽ നിന്ന് മഷ്ഹദിലെത്തിച്ച വേളയിലാണ് ഈ വമ്പൻ ആക്രമണങ്ങൾ നടന്നത്.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ബഹറൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളിലേക്കും ഇന്ധന ഡിപ്പോകളിലേക്കും ഇറാൻ പ്രത്യാക്രമണം നടത്തി. ആക്രമണങ്ങൾ കടുക്കുന്ന പശ്ചാത്തലത്തിൽ, ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഇതുവരെയുള്ള നിലപാടിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുന്നത് ആലോചിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇറാൻ ഒരു സമാധാന ധാരണയ്ക്കായി കെഞ്ചുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
ഖംനഇയുടെ വിലാപയാത്ര നടക്കുന്നതിനിടയിലും ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായത് മേഖലയിലെ പിരിമുറുക്കം വർധിപ്പിച്ചു. അന്താരാഷ്ട്രതലത്തിൽ സമാധാന ശ്രമങ്ങൾ നടക്കുമ്പോഴും സൈന്യത്തിന് ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത് ആരാണെന്ന ചോദ്യവും ഇറാന്റെ നിലവിലെ ഭരണനേതൃത്വത്തിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള സംശയങ്ങളും ശക്തമാകുന്നുണ്ട്. വിലാപയാത്രകൾ തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്.
















