ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കച്ചടങ്ങിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പങ്കെടുത്തതിന് പിന്നാലെ, ഇറാൻ-യുഎസ് മധ്യസ്ഥ ശ്രമങ്ങളിൽ കടുത്ത ആശങ്കയും സംശയവുമുന്നയിച്ച് പ്രമുഖ യുഎസ് സെനറ്റ് അംഗം റിക്ക് സ്കോട്ട് രംഗത്തെത്തി. മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന പാകിസ്താൻ ശരിക്കും ആരാണെന്ന് യുഎസ് ഓർക്കേണ്ടതുണ്ടെന്ന് റിക്ക് സ്കോട്ട് എക്സിൽ കുറിച്ചു. ടെഹ്റാനിൽ ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഖമേനിയെ പ്രകീർത്തിച്ച് ഷെഹബാസ് ഷെരീഫ് സംസാരിച്ചതാണ് അമേരിക്കൻ ജനപ്രതിനിധികളെ ചൊടിപ്പിച്ചത്.
ഖമേനി മഹാനായ പണ്ഡിതനും നേതാവുമാണെന്നായിരുന്നു ഷെഹബാസ് ഷെരീഫിന്റെ വിശേഷണം. ഇറാനും പാകിസ്താനും സഹോദരരാജ്യങ്ങളാണെന്നും ഏത് സാഹചര്യത്തിലും തങ്ങൾ ഒപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് റിക്ക് സ്കോട്ട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ആഗോള ഭീകരൻ ഒസാമ ബിൻലാദന് ഒളിയിടമൊരുക്കിയ, സ്വന്തം നാട്ടിൽ മതനിന്ദ ആരോപിച്ച് ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുന്ന ഒരു രാജ്യമാണ് പാകിസ്താനെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വംശഹത്യയ്ക്ക് നേതൃത്വം നൽകിയ ഇറാനിലെ ഭരണാധികാരിയെ പരസ്യമായി പ്രകീർത്തിക്കുന്ന ഒരു പ്രധാനമന്ത്രിയുള്ള രാജ്യത്തിന് യുഎസ്-ഇറാൻ സമാധാന കരാറിനായി മധ്യസ്ഥത വഹിക്കാൻ യാതൊരു അർഹതയുമില്ലെന്ന് സ്കോട്ട് തുറന്നടിച്ചു. പാകിസ്താൻ നടത്തുന്ന ഇടപെടലുകളെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന കാര്യം ഇസ്ലാമാബാദ് മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ടെഹ്റാനിൽ നിന്ന് പാക് പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയും യുഎസ് സെനറ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
















