റിയാദ് / ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, സൗദി അറേബ്യയെ ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രഹസ്യ ധാരണയുണ്ടാക്കിയതായി റിപ്പോർട്ട്. ഇസ്രായേൽ മാധ്യമമായ ‘ദി ടൈംസ് ഓഫ് ഇസ്രായേൽ’ ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ മധ്യസ്ഥതയിൽ കഴിഞ്ഞ മാർച്ച് മാസത്തിലാണ് കരാർ ഒപ്പുവെച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അമേരിക്കയ്ക്കുള്ള തിരിച്ചടിയെന്നോണം ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് സൗദി അറേബ്യയെ ഒഴിവാക്കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം. സൗദിയെ ആക്രമിക്കാതിരിക്കുന്നതിന് പകരമായി, ഇറാനെതിരെയുള്ള ഉപരോധങ്ങൾ മറികടന്ന് അനധികൃതമായി എണ്ണ വിദേശത്തേക്ക് കയറ്റി അയക്കാൻ പാകിസ്ഥാൻ സൗകര്യമൊരുക്കും.
ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തലവൻ അഹമ്മദ് വാഹിദിയും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറും തമ്മിലുള്ള ബിസിനസ് ബന്ധമാണ് ഈ രഹസ്യ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇറാനിൽ നിന്ന് പാകിസ്ഥാനിലേക്ക് അനധികൃതമായി എണ്ണ കടത്തുന്നതിൽ ഇരുവർക്കും സംയുക്ത പങ്കാളിത്തമുണ്ടെന്നാണ് വിവരം.
കഴിഞ്ഞ വർഷം അവസാനത്തോടെ ആരംഭിച്ച ഈ നിയമവിരുദ്ധ എണ്ണക്കച്ചവടത്തിലൂടെ, അമേരിക്കൻ ഉപരോധങ്ങൾ നിലനിൽക്കെത്തന്നെ ഇരുവരും വൻതോതിൽ പണം സമ്പാദിക്കുന്നതായും ഇസ്രായേൽ മാധ്യമം കൂട്ടിച്ചേർക്കുന്നു.
യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളെപ്പോലെ സൗദി അറേബ്യയ്ക്ക് നേരെയും ഇറാന്റെ ആക്രമണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ രഹസ്യ കരാർ നിലവിൽ വന്നതോടെ കഴിഞ്ഞ മൂന്ന് മാസമായി സൗദിക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് കാര്യമായ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല.
എന്നാൽ, മൂന്ന് മാസത്തെ സമാധാനത്തിന് ശേഷം കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാൻ സൗദിക്ക് നേരെ ഒരു മിസൈൽ തൊടുത്തുവിട്ടിരുന്നു. ഇതോടെ, സൗദിക്ക് നേരെയുള്ള ആക്രമണം തുടർന്നാൽ സംയുക്ത എണ്ണക്കച്ചവടം അവസാനിപ്പിക്കേണ്ടി വരുമെന്ന് അസിം മുനീർ ഇറാൻ സൈനിക മേധാവിക്ക് കടുത്ത മുന്നറിയിപ്പ് നൽകി.സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ പരസ്പര പ്രതിരോധ കരാറുണ്ട്. ഇതനുസരിച്ച് ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും.
















