വര്‍ഷങ്ങള്‍ക്കു ശേഷം ഹാരി രാജകുമാരനും മേഗനും മക്കളുമായി ബ്രിട്ടനിലേക്ക് മടങ്ങിയെത്തി

വര്‍ഷങ്ങള്‍ക്കു ശേഷം ഹാരി രാജകുമാരനും മേഗനും മക്കളുമായി ബ്രിട്ടനിലേക്ക് മടങ്ങിയെത്തി

ലണ്ടന്‍: അമേരിക്കയില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും രണ്ട് മക്കളോടൊപ്പം ബ്രിട്ടനില്‍ തിരിച്ചെത്തി. ബുധനാഴ്ച ബര്‍മിങ്ഹാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനത്തിലാണ് കുടുംബം എത്തിയത്. ആറ് വര്‍ഷം മുമ്പ് രാജകുടുംബവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ബ്രിട്ടന്‍ വിട്ട് കാലിഫോര്‍ണിയയിലേക്ക് താമസം മാറിയതിന് ശേഷമുള്ള ശ്രദ്ധേയമായ തിരിച്ചുവരവാണിത്.

ഹാരിയും മേഗനും ബ്രിട്ടനില്‍ ദീര്‍ഘകാലം തുടരാനാണ് പദ്ധതിയിടുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ കോറ്റ്‌സ്വോള്‍ഡ്‌സ് മേഖലയിലെ വീട്ടിലായിരിക്കും കുടുംബം താമസിക്കുക. മക്കളായ ആര്‍ച്ചി, ലിലിബെറ്റ്, എന്നിവര്‍ സെപ്റ്റംബര്‍ ആദ്യം സ്വകാര്യ സ്‌കൂളില്‍ പഠനം ആരംഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ബ്രിട്ടനിലേക്കുള്ള മടങ്ങിവന്നെങ്കിലും കാലിഫോര്‍ണിയയിലും പോര്‍ച്ചുഗലിലുമുള്ള വീടുകള്‍ ഇരുവരും നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ല്‍ ഔദ്യോഗിക രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറിയ ഹാരിയും മേഗനും പിന്നീട് അമേരിക്കയില്‍ താമസമാക്കുകയായിരുന്നു. ഹാരിയുടെ ആത്മകഥയായ ‘സ്‌പെയര്‍’ പുറത്തിറങ്ങിയതും ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖവും രാജകുടുംബവുമായുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കിയിരുന്നു.

അടുത്തകാലത്തെ സന്ദര്‍ശനങ്ങളില്‍ ഹാരിയും പിതാവ് ചാള്‍സ് മൂന്നാമന്‍ രാജാവും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായി സൂചനകളുണ്ടെങ്കിലും സഹോദരന്‍ വില്യം രാജകുമാരനുമായുള്ള അകല്‍ച്ച തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയിലെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ ഹാരിയും മേഗനും ചാള്‍സ് രാജാവിനെ കണ്ടിരുന്നു; നാല് വര്‍ഷത്തിന് ശേഷമാണ് മക്കള്‍ മുത്തച്ഛനെ നേരില്‍ കണ്ടത്. എന്നാല്‍ വില്യം രാജകുമാരനെയും ഭാര്യ കാതറിനെയും അവര്‍ കണ്ടിരുന്നില്ല. ഇരുവരും തമ്മില്‍ വീണ്ടും ഒത്തുതീര്‍പ്പുണ്ടാകുമോ എന്ന ചോദ്യവും ഹാരിയുടെ തിരിച്ചുവരവോടെ ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ബ്രിട്ടനിലേക്കുള്ള തിരിച്ചുവരവില്‍ സുരക്ഷാ സംവിധാനവും പ്രധാന വിഷയമായി തുടരുകയാണ്. വിദേശത്ത് താമസിക്കുമ്പോള്‍ ബ്രിട്ടനില്‍ സര്‍ക്കാര്‍ ചെലവില്‍ പൊലീസ് സുരക്ഷ ലഭിക്കാനുള്ള നിയമപോരാട്ടത്തില്‍ പരാജയപ്പെട്ടതോടെ കുടുംബത്തോടൊപ്പം ബ്രിട്ടനില്‍ എത്തുന്നത് സുരക്ഷിതമല്ലെന്ന് ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാരിയും മേഗനും ഇനി പ്രവര്‍ത്തിക്കുന്ന രാജകുടുംബാംഗങ്ങളായി മടങ്ങിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നെറ്റ്ഫ്‌ലിക്‌സ്, സ്‌പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി ഒപ്പുവച്ച വാണിജ്യ കരാറുകള്‍ക്ക് പിന്നാലെയുള്ള അവരുടെ പുതിയ നീക്കങ്ങള്‍ രാജകുടുംബത്തിനുള്ളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും.

After years, Prince Harry and Meghan returned to Britain with their children.

Share Email
LATEST excelnclexrn
More Articles
Top