ഒട്ടാവ: വിവിധ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നികുതി കുറയ്ക്കുന്നതിനായി ആമേരിക്കന്‍ മദ്യത്തിന്റെ വില്‍പന വിലക്ക് പിന്‍വലിക്കാന്‍ കാനഡ.വ്യാപാര ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് കാനഡയുടെ നീക്കം. ഓഗസ്റ്റ് 19നകം നൂറുകണക്കിന് കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം പുതിയ താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങള്‍ നീക്കുന്നതിന് പുറമെ, യുഎസ് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി ചുങ്കവും പിന്‍വലിക്കുന്നതും പാലുല്‍പ്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതും കാനഡ പരിഗണിക്കുന്നതായി സൂചനയുണ്ട്. പ്രവിശ്യകള്‍ അമേരിക്കന്‍ വൈന്‍, ബിയര്‍, മദ്യം എന്നിവയുടെ വില്‍പ്പനയില്‍ ഏര്‍പ്പെടുത്തിയ വിലക്കുകളും യുഎസ് പാലുല്‍പ്പന്നങ്ങളുടെ ഇറക്കുമതി ക്വാട്ടയും വാഹന താരിഫുമാണ് ട്രംപ് പ്രധാനമായും ഉന്നയിച്ച പരാതികള്‍.
ഇതിന് പകരമായി പുതിയ 50 ശതമാനം താരിഫ് ഒഴിവാക്കണമെന്നും സ്റ്റീല്‍, അലുമിനിയം തുടങ്ങിയ മേഖലകളിലെ നിലവിലുള്ള താരിഫുകളില്‍ ഇളവ് നല്‍കണമെന്നും കാനഡ ആവശ്യപ്പെടുന്നു. കൂടാതെ കാനഡ-യുഎസ്-മെക്‌സിക്കോ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന നിര്‍ദേശവും കാനഡ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ സ്റ്റീല്‍, അലുമിനിയം, തടി വാഹനങ്ങള്‍ തുടങ്ങിയ മേഖലകളിലെ താരിഫുകള്‍ പൂര്‍ണമായും പിന്‍വലിക്കില്ലെന്ന് യുഎസ് ചര്‍ച്ചാ സംഘം വ്യക്തമാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഓഗസ്റ്റ് 19 ലെ താരിഫ് സമയപരിധി നിര്‍ണായകമാണെന്ന് കാനഡ യുഎസിനെ ശക്തമായി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. താരിഫ് പ്രാബല്യത്തില്‍ വന്നാല്‍ ചര്‍ച്ചകള്‍ തുടരാനുള്ള രാഷ്ട്രീയ സാഹചര്യം കാനഡയില്‍ ഉണ്ടാകില്ലെന്നാണ് കനേഡിയന്‍ നിലപാട്. സമയപരിധി വരെ ഇരുരാജ്യങ്ങളും വിവിധ തലങ്ങളില്‍ ദിവസേന ചര്‍ച്ചകള്‍ നടത്താന്‍ ധാരണയായിട്ടുണ്ട്. യുഎസ് മദ്യവില്‍പ്പന വിലക്ക് മൂലം അമേരിക്കന്‍ വൈന്‍, ബിയര്‍, സ്പിരിറ്റ്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും വലിയ ഇടിവാണ് ഉണ്ടായത്.
വ്യാഴാഴ്ച കനേഡിയന്‍ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും ചീഫ് ട്രേഡ് നെഗോഷിയേറ്റര്‍ ജാനിസ് ഷാരറ്റും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ്‍ ഗ്രീറുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. സമഗ്രമായ വ്യാപാര കരാറാണ് കാനഡ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും വ്യക്തമാക്കി. എന്നാല്‍ താരിഫ് ഇളവിന് മുമ്പ് കാനഡ ഇളവുകള്‍ നല്‍കുന്നത് ശരിയായ തന്ത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയിലിവര്‍ വിമര്‍ശിച്ചു.
Canada to lift ban on sales of American liquor; aims for tax relief from the US.

















