ബെയ്ജിംഗ്: ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളെക്കൂടി ലക്ഷ്യമിട്ട് അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കാനിരിക്കെ, വിഷയത്തിൽ ശക്തമായ നിലപാടുമായി ചൈന. മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വന്തം രാജ്യത്തിന്‍റെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തർക്കങ്ങളിൽ ഇടപെടുന്ന എല്ലാ കക്ഷികളും വിവേകത്തോടെയും നിയന്ത്രണത്തോടെയും പെരുമാറണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ അഭ്യർത്ഥിച്ചു. ഇത്തരം ഉപരോധങ്ങളും സമ്മർദ്ദ തന്ത്രങ്ങളും പ്രശ്നപരിഹാരത്തിന് സഹായിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം വിഷയം ചർച്ച ചെയ്യുന്നതിനായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് വാഷിംഗ്ടണിൽ പ്രത്യേക വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇറാനുമേൽ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയ ബെസ്സെന്റ്, അമേരിക്കൻ നടപടികളോട് സഹകരിക്കാൻ ചൈനയോട് പരസ്യമായി ആവശ്യപ്പെട്ടിട്ടുമുണ്ട്.

















