swayamvara
pulimoottil

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ അതീവ രഹസ്യ നീക്കം? സി.ഐ.എ മേധാവിയെ റഷ്യയിലേക്കയച്ചതിന് പിന്നാലെ ചർച്ചകൾ ചൂടുപിടിക്കുന്നു

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ അതീവ രഹസ്യ നീക്കം? സി.ഐ.എ മേധാവിയെ റഷ്യയിലേക്കയച്ചതിന് പിന്നാലെ ചർച്ചകൾ ചൂടുപിടിക്കുന്നു

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ നയതന്ത്ര വഴി തേടുന്നതിന്റെ ഭാഗമായി സി.ഐ.എ ഡയറക്ടർ ജോൺ റാഡ്ക്ലിഫിനെ അതീവരഹസ്യമായി റഷ്യയിലേക്ക് അയച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെയും യൂറോപ്പിലെയും ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെയാണ് ഈ നിർണായക ദൗത്യം നടപ്പാക്കിയത്. നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കരുതെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകാനും, ഇറാനുമായുള്ള സാമ്പത്തിക-സുരക്ഷാ ബന്ധങ്ങൾ കുറയ്ക്കാൻ ആവശ്യപ്പെടാനുമാണ് റാഡ്ക്ലിഫ് ഈ യാത്ര ഉപയോഗപ്പെടുത്തിയത്. വരുംമാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ ഈ നീക്കം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ട്രംപ് വ്യക്തിപരമായാണ് സി.ഐ.എ ഡയറക്ടറെ മോസ്‌കോയിലേക്ക് അയച്ചത്. വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരെയോ സൈനിക മേധാവികളെയോ പോലും ഈ യാത്രയെക്കുറിച്ചോ അദ്ദേഹം വഹിച്ച സന്ദേശത്തെക്കുറിച്ചോ അറിയിച്ചിരുന്നില്ലെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ലാത്വിയയിൽനിന്ന് യു.എസ് സി-17 സൈനിക ചരക്കുവിമാനത്തിലാണ് റാട്ക്ലിഫ് മോസ്‌കോയിലേക്ക് യാത്ര ചെയ്തത്. മോസ്‌കോയിൽ കൂറ്റൻ യു.എസ് ചരക്കുവിമാനം ലാൻഡ് ചെയ്യുന്നതിന്റെ വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. സംഭവത്തിൽ സി.ഐ.എ പ്രതികരിച്ചിട്ടില്ലെങ്കിലും, ഇത്തരത്തിലുള്ള സന്ദർശനങ്ങൾ പതിവാണെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.

നാറ്റോയോടുള്ള യു.എസിന്റെ പ്രതിബദ്ധതയും ആർട്ടിക്കിൾ-5-ന് പിന്നിൽ ഉറച്ചുനിൽക്കുമെന്നും സി.ഐ.എ മേധാവി റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. നാറ്റോയിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം സഖ്യത്തിലെ എല്ലാ അംഗങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ആർട്ടിക്കിൾ-5 പ്രസ്താവിക്കുന്നത്. റഷ്യയുടെ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചും റാഡ്ക്ലിഫ് ചർച്ച നടത്തി. സെപ്റ്റംബറോടെ ചർച്ചകൾ പുനരാരംഭിച്ചേക്കാമെന്ന് യുക്രൈൻ പ്രസിഡന്റ്‌സ് ഓഫീസിന്റെ തലവനായ കൈറിലോ ബുദനോവും വ്യക്തമാക്കിയിരുന്നു.

ടെഹ്‌റാനെതിരെയുള്ള ഉപരോധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിൽ, ഇറാനുമായി സാമ്പത്തിക-സുരക്ഷാ ബന്ധങ്ങൾ നിലനിർത്തരുതെന്ന് റഷ്യൻ ഉദ്യോഗസ്ഥരോട് റാഡ്ക്ലിഫ് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയിൽ തടവിലാക്കപ്പെട്ട അമേരിക്കൻ ബന്ദികളെ മോചിപ്പിക്കാൻ സഹായിച്ചത് ഉൾപ്പെടെ ക്രെംലിനുമായി വിജയകരമായി ഇടപഴകിയ പരിചയസമ്പത്തും റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുമായുള്ള ബന്ധവുമാണ് റാഡ്ക്ലിഫിനെ ഈ ദൗത്യത്തിന് തിരഞ്ഞെടുക്കാൻ കാരണം. രണ്ടാം ഔദ്യോഗിക കാലാവധി ആരംഭിച്ചത് മുതൽ യുദ്ധം അവസാനിപ്പിക്കാൻ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ, മാർക്കോ റൂബിയോ തുടങ്ങിയ പ്രതിനിധികളെ അയച്ചും അലാസ്‌കയിൽ വെച്ച് പുതിനുമായി കൂടിക്കാഴ്ച നടത്തിയും ട്രംപ് ശ്രമങ്ങൾ നടത്തിയിരുന്നു.

ട്രംപിന്റെ മറ്റ് വിശ്വസ്ത പ്രതിനിധികൾ പങ്കെടുത്ത മുൻകാല നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് റാഡ്ക്ലിഫിനെ അയക്കാൻ തീരുമാനിച്ചത്. അതേസമയം, റഷ്യ പൂർണ്ണമായി കീഴടക്കാത്ത കിഴക്കൻ യുക്രൈനിലെ പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ ട്രംപ് ഭരണകൂടം മുൻപ് യുക്രൈനോട് ആവശ്യപ്പെട്ടിരുന്നു. നാറ്റോയ്ക്ക് യുക്രൈനോടുള്ള പിന്തുണ ദുർബലപ്പെടുത്താനും സഖ്യത്തെ തകർക്കാനും ലക്ഷ്യമിട്ടുള്ള റഷ്യൻ നീക്കങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ പുതിയ ചുവടുവെപ്പിനെ യൂറോപ്യൻ നേതാക്കൾ വിശേഷിപ്പിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top