ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ കൈക്കൂലി, 25 കോടിയുടെ ഹവാലാ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപം നൽകി. എസ്.പി. വിക്രമനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയ സംഘത്തിൽ 3 ഡിവൈ.എസ്.പിമാർ, 5 ഇൻസ്‌പെക്ടർമാർ, സൈബർ ഉദ്യോഗസ്ഥർ എന്നിവരുണ്ടാകും. ഇ.ഡി. കൈമാറിയ തെളിവുകൾ പരിശോധിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയുമാണ് ആദ്യ ദൗത്യം. ഹവാല ഇടപാടുകളിൽ ഊന്നിയാകും ആദ്യഘട്ട അന്വേഷണം.
ആരെയും വേട്ടയാടാനില്ലെന്നും കേസിൽ എടുത്തുചാട്ടമില്ലാതെ സുതാര്യമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഇ.ഡി.ക്കൊപ്പം ചേർന്ന് സർക്കാർ വേട്ടയാടുന്നു എന്ന ആരോപണത്തെ പ്രതിരോധിക്കാൻ ആദ്യഘട്ടത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. എസ്.ഐ.ടി.യുടെ പ്രാഥമിക പരിശോധനയിൽ തെളിവ് ലഭിച്ചാൽ മാത്രമേ കേസെടുക്കൂ.
അനധികൃത സ്വത്ത് സമ്പാദനത്തിൽ വിജിലൻസ് അന്വേഷണം വേണമണോ എന്നതടക്കമുള്ള കാര്യങ്ങൾ നിയമോപദേശത്തിന് ശേഷം തീരുമാനിക്കും. കേസ് എടുത്ത ശേഷമേ ചോദ്യം ചെയ്യൽ ഉണ്ടാകൂ. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരായ അന്വേഷണമായതിനാൽ ഓരോ ഘട്ടത്തിനും കടുത്ത രാഷ്ട്രീയ പ്രാധാന്യമുണ്ട്.
















