തിരുവനന്തപുരം: ചതയദിന പരിപാടിക്കിടെ മുഖ്യമന്ത്രി വി. ഡി. സതീശന്റെ വാഹനവ്യൂഹം വഴിയിൽ തടയുകയും മോശമായി പെരുമാറുകയും ചെയ്ത ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരം തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പാർട്ടി അച്ചടക്കവും രാഷ്ട്രീയ സംസ്കാരവും ലംഘിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടയുകയും പരസ്യമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്ത സംഭവം അംഗീകരിക്കാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
അറസ്റ്റിലായ ചേന്തി അനിലിനെ വൈദ്യപരിശോധനയ്ക്ക് ശേഷം അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശ്രീകാര്യം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ അപമാനിക്കാൻ ബോധപൂർവം വാഹനം തടയുകയായിരുന്നുവെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ അനിൽ പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
അതേസമയം, പോലീസിന്റെയും പാർട്ടി നേതൃത്വത്തിന്റെയും നടപടികൾക്കെതിരെ പ്രതികരണവുമായി ചേന്തി അനിൽ രംഗത്തെത്തി. താൻ മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രാദേശികമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാൻ മാസങ്ങൾക്ക് മുമ്പേ അനുമതി ചോദിച്ചിരുന്നതാണെന്നും അനിൽ പറഞ്ഞു. വാഹനം കണ്ടപ്പോൾ കൈകാണിച്ചു നിർത്തുക മാത്രമാണ് ചെയ്തതെന്നും നിലവിലെ അറസ്റ്റും തുടർനടപടികളും പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നുമാണ് അനിലിന്റെ ആരോപണം.
















