Caritas hospital

ഗ്രേറ്റര്‍ നോയിഡയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒന്‍പതു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒന്‍പതു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ യമുന എക്‌സ്പ്രസ് വേയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ഒമ്പത് പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 34ലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍നിന്ന് യുപിയിലെ മഹോബയിലേക്ക് പോകുകയായിരുന്ന സ്ലീപ്പര്‍ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്.

നോയിഡയില്‍നിന്ന് യമുന എക്‌സ്പ്രസ് വേ വഴി മഹോബയിലേക്ക് പോകുന്നതിനിടെയാണ് ബസില്‍ തീപിടിത്തമുണ്ടായത്. ഭൂരിഭാഗം യാത്രക്കാരും ഉറങ്ങിക്കിടന്ന സമയത്താണ് തീ പടര്‍ന്നത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ അതിവേഗം ബസിലാകെ പടര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. രക്ഷപ്പെടാന്‍ ചിലര്‍ ബസിന്റെ ജനലുകളിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് സംഘവും ജേവര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തീയില്‍ പൂര്‍ണമായും കത്തിയമരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വളരെ കുറച്ച് യാത്രക്കാര്‍ക്ക് മാത്രമാണ് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും ബസിനുള്ളില്‍ പലരും കുടുങ്ങിയിരിക്കാമെന്നും രക്ഷപെട്ട ഒരു യാത്രക്കാരി പറഞ്ഞു. പിന്നിലുണ്ടായിരുന്ന പലര്‍ക്കും പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്ത് പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Nine people died and several others were injured after a tourist bus caught fire in Greater Noida.
Share Email
LATEST excelnclexrn
Top