swayamvara
pulimoottil

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത്, അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.

രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെയാണ് മോഹൻദാസിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയത്. ഇയാളെ കോടതിയിൽ എത്തിച്ചപ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. കേസിനാധാരമായ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനൽ ഉടമയെ കണ്ടെത്തുന്നതിനും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനുമായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

പരാതി ലഭിച്ച് അറസ്റ്റിലാകുന്നതുവരെ നീണ്ട സമയമുണ്ടായിട്ടും എന്തുകൊണ്ട് നോട്ടീസ് നൽകിയില്ലെന്നും കസ്റ്റഡി അപേക്ഷ കൃത്യമായി സമർപ്പിച്ചില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ നോട്ടീസ് നൽകിയിരുന്നെങ്കിൽ പ്രതി തെളിവുകൾ നശിപ്പിക്കുമായിരുന്നു എന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. വിദ്യാർത്ഥി, യുവജന സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് മോഹൻദാസിനെതിരെ കേസെടുത്തത്.

Share Email
LATEST excelnclexrn
More Articles
Top