വാഷിംഗ്ടണ്‍: അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കുവഴിയുളള കപ്പല്‍ ഗതാഗതം സ്തംഭനാവസ്ഥയിലായതിനു പിന്നാലെ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ഹോര്‍മൂസിലെ സ്ഥിതിഗതികള്‍ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നു എബിസി ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള ശരിയായ ധാരണയിലെത്തുകയും ആഗോള ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണുകയുമായിരുന്നു എന്നും മാക്രോണ്‍ വ്യക്തമാക്കി. കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമായതോടെ ഗ്യാസ്, ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ വില ഉയര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധം ആരംഭിച്ചപ്പോള്‍ കടലിടുക്ക് അടയ്ക്കാനുള്ള ശേഷി തങ്ങളുടെ കൈയിലുള്ള പ്രധാന ആയുധമാണെന്ന് ഇറാന്‍ ഭരണകൂടം തിരിച്ചറിഞ്ഞതായി മാക്രോണ്‍ പറഞ്ഞു. ഈ സാഹചര്യം ട്രംപ് നേരത്തെ തിരിച്ചറിയാതെ പോയോ എന്ന ചോദ്യത്തിന് ആരെയും കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ലെന്നും ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ അമേരിക്കയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും മാക്രോണ്‍ പ്രതികരിച്ചു. ഹോര്‍മുസിലെ സാഹചര്യം ഒരുപക്ഷേ വേണ്ടത്ര കണക്കിലെടുത്തില്ലെന്നും ഇപ്പോള്‍ അത് പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കടലിടുക്ക് വീണ്ടും തുറക്കാന്‍ ഫ്രാന്‍സ് സൈനിക സഹായം നല്‍കുമോ എന്ന ചോദ്യത്തിന്, ഒരു രാജ്യവുമായും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മാക്രോണ്‍ വ്യക്തമാക്കി. എന്നാല്‍ കടലിടുക്കിലൂടെയുള്ള ഗതാഗതം സാധ്യമാക്കുന്നതിനും ആവശ്യമായ ചില സംവിധാനങ്ങള്‍ സംരക്ഷിക്കുന്നതിനുമായി കൂടുതല്‍ സജീവമായി ഇടപെടാന്‍ ഫ്രാന്‍സ് തയാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുദ്ധത്തിലേക്ക് പോകാനുള്ള തീരുമാനത്തെയും മാക്രോണ്‍ വിമര്‍ശിച്ചു. ഒരു രാജ്യത്തെ ബോംബിട്ട് അവിടത്തെ ഭരണകൂടത്തെ മാറ്റുന്നത് പ്രായോഗികമായ മാര്‍ഗമല്ലെന്നും കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളില്‍ ഇത്തരം സമീപനങ്ങള്‍ പലതവണ പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂറോപ്യന്‍ സഖ്യകക്ഷികള്‍ അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുന്നില്ലെന്നും അമേരിക്ക നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നുവെന്നും ട്രംപ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കും മാക്രോണ്‍ മറുപടി നല്‍കി. ഫ്രാന്‍സ് അമേരിക്കയെ ബഹുമാനിക്കുന്നുവെന്നും തങ്ങളെ ഒരു നല്ല സഖ്യകക്ഷിയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു യുദ്ധത്തില്‍ മറ്റുള്ളവരെ പങ്കെടുപ്പിക്കണമെങ്കില്‍ അവരുമായി മുന്‍കൂട്ടി തന്ത്രപരമായ ചര്‍ച്ചകള്‍ നടത്തുകയും അഭിപ്രായം തേടുകയും വേണമെന്നും മാക്രോണ്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ചേരാതിരുന്നത് അത് ശരിയായ തീരുമാനമല്ലെന്ന് ഫ്രാന്‍സ് വിലയിരുത്തിയതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ചും മാക്രോണ്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ റഷ്യയ്ക്ക് ആക്രമണ ഉദ്ദേശ്യമില്ലെന്ന് പറയുന്നത് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നിലവിലെ സാഹചര്യത്തെക്കുറിച്ച് ട്രംപിന് ഇപ്പോള്‍ ശരിയായ വിലയിരുത്തലുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് മാക്രോണ്‍ പറഞ്ഞു. യുക്രൈന്‍ ശക്തമായി പ്രതിരോധിക്കുകയാണെന്നും അതിനെ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപുമായി തനിക്ക് വളരെ നല്ല ബന്ധമാണെന്നും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാലും ഇരുവരും പരസ്പരം തുറന്നുപറയാറുണ്ടെന്നും മാക്രോണ്‍ പറഞ്ഞു. യുക്രൈന്‍ വിഷയത്തില്‍ ട്രംപിന്റെ നിലപാട് മാറ്റുന്നതില്‍ തനിക്കും മറ്റ് ചില നേതാക്കള്‍ക്കും പങ്കുണ്ടായിരുന്നുവെന്ന് മാക്രോണ്‍ അവകാശപ്പെട്ടു.
There was a miscalculation in assessing the situation in the Strait of Hormuz; Macron says France is ready to intervene.
















