വാഷിങ്ടണ്‍ ഡി.സി.: തിരുവനന്തപുരം നഗരവും അമേരിക്കയിലെ വിവിധ നഗരങ്ങളും തമ്മില്‍ ഐ.ടി., സ്മാര്‍ട്ട് സിറ്റി, സാംസ്‌കാരിക കൈമാറ്റം, വിദ്യാഭ്യാസം, നഗരഭരണം തുടങ്ങിയ മേഖലകളില്‍ സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയുടെ പിന്തുണ. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വാഷിങ്ടണില്‍ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ച തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് എംബസിയിലെ കള്‍ച്ചറല്‍ സെല്ലിന്റെ ചുമതലയുള്ള കൗണ്‍സിലര്‍ ദേബേഷ് കുമാര്‍ ബെഹ്‌റയുമായും മറ്റ് ഉദ്യോഗസ്ഥരു മായും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ അനുകൂല പ്രതികരണമുണ്ടായത്.

കേരളത്തിന്റെ തനതായ കലാപാരമ്പര്യങ്ങളെ അമേരിക്കയില്‍ കൂടുതല്‍ വ്യാപകമായി അവതരിപ്പിക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയില്‍ പ്രധാന വിഷയമായി. കളരിപ്പയറ്റ്, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ സമഗ്രമായ ഒരു സാംസ്‌കാരിക പാക്കേജായി അവതരിപ്പിച്ചാല്‍ അമേരിക്കയില്‍ മികച്ച സ്വീകാര്യത ലഭിക്കുമെന്നും, അത്തരം പരിപാടികള്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രോത്സാഹിപ്പിക്കാനും വിവിധ വേദികളില്‍ അവതരിപ്പിക്കാനും കഴിയുമെന്ന് എംബസി ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിഭാവനം ചെയ്യുന്ന അന്തര്‍ദേശീയ സഹകരണ പദ്ധതികളും മേയര്‍ വി.വി. രാജേഷ് വിശദീകരിച്ചു. അമേരിക്കയിലെ നഗരങ്ങളുമായി ഐ.ടി., ഡിജിറ്റല്‍ നവീകരണം, സ്മാര്‍ട്ട് സിറ്റി വികസനം, മാലിന്യസംസ്‌കരണം, നഗരാസൂത്രണം, വിദ്യാഭ്യാസം, സാംസ്‌കാരിക കൈമാറ്റം തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാല പങ്കാളിത്തം സ്ഥാപിക്കാനുള്ള പദ്ധതികളാണ് അദ്ദേഹം അവതരിപ്പിച്ചത്.

ഇത്തരം സഹകരണ സംരംഭങ്ങള്‍ ഫലപ്രദമാകാന്‍ ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള ഏകോപനം അനിവാര്യമാണെന്നും, അതില്‍ ഇന്ത്യന്‍ എംബസിയുടെ തുടര്‍ച്ചയായ പിന്തുണ നിര്‍ണായകമാണെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ അവതരിപ്പിച്ച വികസന കാഴ്ചപ്പാടിനും അമേരിക്കന്‍ നഗരങ്ങളുമായുള്ള സഹകരണ നിര്‍ദേശങ്ങള്‍ക്കും എംബസി ഉദ്യോഗസ്ഥര്‍ അനുകൂലമായ പ്രതികരണമാണ് നല്‍കിയത്. എംബസിയുടെ ഈ സമീപനം ഭാവിയില്‍ കൂടുതല്‍ ഔദ്യോഗിക സഹകരണത്തിനും സാംസ്‌കാരിക, സാങ്കേതിക, വിദ്യാഭ്യാസ മേഖലകളിലെ സംയുക്ത പദ്ധതികള്‍ക്കും വഴിയൊരുക്കുമെന്ന പ്രതീക്ഷ മേയര്‍ വി.വി. രാജേഷ് പ്രകടിപ്പിച്ചു.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിവിധ നഗരങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സാങ്കേതിക മേഖലകളിലെ വിദഗ്ധര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് ആഗോള പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Embassy supports Thiruvananthapuram-US city cooperation: Mayor V.V. Rajesh held discussions with Indian Embassy officials.

















