കാഠ്മണ്ഡു: നേപ്പാളിലെ വടക്കൻ റസുവ ജില്ലയിൽ ടിബറ്റ് അതിർത്തിക്കടുത്തുണ്ടായ മിന്നൽപ്രളയത്തിൽ നൂറുകണക്കിന് ആളുകളെ കാണാതായി. ഇതിൽ കുറഞ്ഞത് 47 അമേരിക്കൻ വിനോദസഞ്ചാരികളും ഉൾപ്പെടുന്നുവെന്ന് നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. ദുരന്ത ത്തിൽ 157 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി യതായി നേപ്പാൾ പൊലീസ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 8.40ഓടെയാണ് റസുവ മേഖലയിലൂടെ വലിയ തോതിൽ വെള്ളം ഒഴുകിയെത്തിയത്. ത്രിശൂലി നദിക്കരയിലെ നിരവധി പ്രദേശങ്ങൾ വെള്ള ത്തിനടിയിലായി. ചില കെട്ടിടങ്ങൾ മണ്ണിനടി യിൽപ്പെട്ടു, പാലങ്ങൾക്കും റോഡുകൾക്കും വൻ നാശനഷ്ടമുണ്ടായി. നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം രാത്രിയിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം 403 വിദേശ പൗരന്മാരേയും 93 നേപ്പാളി വിനോദ സഞ്ചാരി കളും കാണാതായിട്ടുണ്ട്. അമേരിക്കൻ പൗരന്മാ രുടെ കൃത്യമായ എണ്ണം സംബന്ധിച്ച് വ്യക്തതയി ല്ലെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും നേപ്പാൾ സർക്കാരുമായി അമേരിക്കൻ അധികൃതർ ബന്ധപ്പെടുന്നുണ്ടെന്നും യു.എസ്. അറിയിച്ചു.
സദ്ഗുരുവിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച യാത്രാസംഘത്തിലെ 77 പേർ പ്രളയബാധിത മേഖലയിലുണ്ടായിരുന്നുവെന്നും ഇവരിൽ 22 പേർ അമേരിക്കക്കാരാണെന്നും റിപ്പോർട്ടുണ്ട്. കൈലാസ പർവതത്തിലേക്കുള്ള തീർഥാടന യാത്രയുമായി ബന്ധപ്പെട്ട് നിരവധി വിനോദസഞ്ചാരികൾ ഈ മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു. കാണാതായ അമേരിക്കക്കാരിൽ മൂന്ന് പേർ നേപ്പാളിലെ ഒരു ട്രാവൽ കമ്പനിയുടെ സംഘത്തോടൊപ്പമാണ് യാത്ര ചെയ്തിരുന്നതെന്നും വിവരമുണ്ട്.
നേപ്പാൾ-ചൈന അതിർത്തിയിലെ രസുവഗഢി അതിർത്തി പോസ്റ്റിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാകാം വൻ പ്രളയമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്ടറിലെ രക്ഷാപ്രവർത്തനം നിർത്തി വെച്ചു.
ദുരിതബാധിത പ്രദേശങ്ങളിലുള്ള അമേരിക്കൻ പൗരന്മാർ പ്രാദേശിക അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും യു.എസ്. എംബസി ആവശ്യപ്പെട്ടു.
Hundreds missing, including 47 Americans, in deadly Nepal floods, local officials say

















