ടെഹ്‌റാൻ: രാജ്യത്തിന്റെ പരമോന്നത നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും അവസാന നിമിഷം വരെ ഇറാന്റെ ജനങ്ങൾ ഉറച്ചുനിൽക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഫാഴ്‌സ് വാർത്താ ഏജൻസിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവിട്ടത്. യുദ്ധം ചെയ്യണമോ വേണ്ടയോ എന്ന് തങ്ങളേക്കാൾ നന്നായി അറിയാവുന്നത് സേനാ കമാൻഡർമാർക്കാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തിന്റെ സൈനിക ശക്തിയെക്കുറിച്ച് അവർക്ക് വ്യക്തമായ ബോധ്യമുണ്ട്.
അന്തിമ തീരുമാനം എടുക്കുന്നത് പരമോന്നത നേതൃത്വമാണ്. അവർ എന്താണോ തീരുമാനിക്കുന്നത്, അതിനൊപ്പം മരണം വരെ തങ്ങൾ നിലകൊള്ളുമെന്നും പെസഷ്കിയാൻ കൂട്ടിച്ചേർത്തു. പോരാടുന്നതിനോ നിലനിൽക്കുന്നതിനോ തനിക്ക് ഭയമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനായി പലപ്പോഴും ജീവൻ പോലും അപകടത്തിലാക്കാറുണ്ടെന്നും പറഞ്ഞു. ശത്രുക്കൾ എന്നെങ്കിലും തങ്ങളെ വധിക്കാൻ തുനിഞ്ഞാൽ അതിൽ ഭയപ്പെടാനില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.















