പ്രളയസമാനമായ അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഉരുൾപൊട്ടലും പെരുമഴയും കടുത്ത നാശം വിതച്ചത്. പത്തനംതിട്ട റാന്നിയിൽ പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടൗണും ജനവാസ മേഖലകളും പൂർണ്ണമായും വെള്ളത്തിനടിയിലായി. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിലും മലപ്പുറത്തും ഒറ്റരാത്രി കൊണ്ടുപെയ്ത മഴയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്.
മഴക്കെടുതിയിലും ഉരുൾപൊട്ടലിലും പെട്ട് വിവിധ ജില്ലകളിലായി ഏഴ് പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടി വീട് തകർന്ന് ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിൽ ഉരുൾപൊട്ടലിൽ സുമതിയും, കോലാഹലമേട്ടിൽ മണ്ണിടിഞ്ഞുവീണ് പ്രഭാകരൻ നായരും മരണപ്പെട്ടു. മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് അബ്ദുൽ മുഹൈനി, ആദം അയ്മൻ എന്നീ രണ്ട് കുട്ടികളും വയനാട് പടിഞ്ഞാറെത്തറയിൽ വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബെന്നിയും ജീവൻ വെടിഞ്ഞു. നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂഴിയാർ, കല്ലാർകുട്ടി, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, നെയ്യാർ, മംഗലം എന്നീ ആറ് ഡാമുകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. പമ്പ, മണിമല നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുന്നതിനാൽ മലയോര മേഖലകളിൽ രാത്രിയാത്രയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും കർശന വിലക്കേർപ്പെടുത്തി. സർക്കാരിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

















