പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (എസ്.സി.ഒ) ഇടവേളയിലാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. സംഘർഷം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഇരുവരും നേരിട്ട് കാണുന്നത്. ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയും പങ്കെടുത്തു. മേഖലയിലെ പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട മോദി, സമാധാന നീക്കങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. സാധാരണക്കാർക്കും ചരക്ക് കപ്പലുകൾക്കും നേരെ ആക്രമണം ഉണ്ടാകരുതെന്നും സമുദ്ര ഗതാഗത സ്വാതന്ത്ര്യം സുരക്ഷിതമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള ദീർഘകാല സൗഹൃദം ശക്തമായി തുടരുമെന്നും വ്യാപാരം കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. എസ്.സി.ഒ, ബ്രിക്സ് എന്നീ ബഹുരാഷ്ട്ര കൂട്ടായ്മകളിൽ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ച മോദി, ഉടൻ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ സ്വാഗതം ചെയ്യുകയും ചെയ്തു. മേഖലയിലെ സുസ്ഥിര സമാധാനത്തിനായി തുടർചർച്ചകൾ അനിവാര്യമാണെന്ന് മോദി കൂട്ടിച്ചേർത്തു.
ഉച്ചകോടിയുടെ ഭാഗമായി അർമേനിയൻ പ്രധാനമന്ത്രി നികോൾ പഷിൻന്യാനുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. അർമേനിയ സന്ദർശിക്കാൻ മോദിയെ പഷിൻന്യാൻ ക്ഷണിച്ചു. ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ നൽകിയ സഹായങ്ങൾക്ക് അർമേനിയൻ പ്രധാനമന്ത്രിയോട് മോദി നന്ദി രേഖപ്പെടുത്തി. കൂടാതെ, ബിഷ്‌കെക്കിലെ മഹാത്മാഗാന്ധി സ്മാരകം സന്ദർശിച്ച മോദി, ഉച്ചകോടിക്ക് മുന്നോടിയായുള്ള ഔദ്യോഗിക അത്താഴ വിരുന്നിലും പങ്കെടുക്കും.
റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും. അതേസമയം, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉച്ചകോടിക്കായി ബിഷ്‌കെക്കിൽ എത്തിയിട്ടുണ്ടെങ്കിലും മോദിയുമായി നേരിട്ടുള്ള കൂടിക്കാഴ്ച ഇന്നത്തെ ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനു ശേഷമാണ് പ്രധാനമന്ത്രി കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ എത്തിയത്.
Modi Meets Iranian President Masoud Pezeshkian: Invites Iran to BRICS Summit and Urges Peace in West Asia

















