swayamvara
pulimoottil

പിണറായിയുടേത് ഭീഷണിയുടെയും വെല്ലുവിളിയുടെയും സ്വരം, രാഗേഷിനും മറുപടി, സിപിഎമ്മിന്റെ പയ്യന്നൂർ വിശദീകരണത്തിൽ പ്രതികരിച്ച് കുഞ്ഞികൃഷ്ണൻ

പിണറായിയുടേത് ഭീഷണിയുടെയും വെല്ലുവിളിയുടെയും സ്വരം, രാഗേഷിനും മറുപടി, സിപിഎമ്മിന്റെ പയ്യന്നൂർ വിശദീകരണത്തിൽ പ്രതികരിച്ച് കുഞ്ഞികൃഷ്ണൻ

പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും നൽകിയ വിശദീകരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തി. അണികൾക്കും ജനങ്ങൾക്കുമുണ്ടായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയുമാണ് തോൽവിക്ക് കാരണമായതെന്ന പിണറായിയുടെ വാദത്തെ അദ്ദേഹം ചോദ്യം ചെയ്തു. ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നൽകുന്നതിന് പകരം ഭീഷണിയും വെല്ലുവിളിയുമായി മുന്നോട്ട് പോകാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും തെറ്റുകൾ തിരുത്താനുള്ള ശ്രമമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ തെറ്റിദ്ധാരണയാണ് തോൽവിക്ക് കാരണമെന്ന വാദത്തെ പ്രതിരോധിച്ച അദ്ദേഹം, ജനുവരിയിൽ പുസ്തകം ഇറങ്ങി ഏപ്രിലിലെ വോട്ടെടുപ്പ് വരെ നീണ്ട സമയമുണ്ടായിട്ടും എന്തുകൊണ്ട് തെറ്റിദ്ധാരണകൾ മാറ്റാൻ പാർട്ടിക്ക് സാധിച്ചില്ലെന്ന് ചോദിച്ചു. കഴിഞ്ഞ അഞ്ചാറു വർഷമായി താൻ പാർട്ടിക്കുള്ളിൽ ഉന്നയിച്ച കാര്യങ്ങളാണ് ഇപ്പോഴും നേതാക്കൾ ആവർത്തിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് പരാജയത്തിന് കാരണമെന്ന് പാർട്ടി പറയുകയാണെങ്കിൽ, ഇത്രയും കാലം അവർ എന്ത് തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടത്തിയതെന്ന് ജനങ്ങൾ ചോദിക്കുമെന്നും അരലക്ഷത്തോളം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലം എതിർസ്ഥാനാർത്ഥിക്ക് വിട്ടുനൽകേണ്ടി വന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതൃത്വത്തിലിരുന്ന സമയത്ത് എതിരാളികളുമായി കൈകോർത്ത് ചതിക്കുകയായിരുന്നുവെന്ന പിണറായി വിജയന്റെ ആരോപണം കുഞ്ഞികൃഷ്ണൻ നിഷേധിച്ചു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വരെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും ചർച്ചയോ ധാരണയോ നടത്തിയിട്ടില്ലെന്നും യു.ഡി.എഫ് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകൂട്ടി ഏതെങ്കിലും പാർട്ടിയുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന തെളിവുകളുണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്താൻ സി.പി.എമ്മിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

സി.പി.എമ്മിനുള്ളിൽ പാർട്ടിക്കെതിരെ കടുത്ത അസംതൃപ്തിയുണ്ടെന്നും ഇത് കേരളത്തിലാകെ വളർന്നുവരുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ അസംതൃപ്തി പൊട്ടിത്തെറിയിലേക്ക് എത്താത്തതുകൊണ്ടാണ് കേരളം ബംഗാൾ ആവാത്തതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സമീപനമാണ് സി.പി.എം തുടക്കം മുതൽ സ്വീകരിച്ചുപോരുന്നതെന്നും കുറ്റപ്പെടുത്തി. കെ.കെ. രാഗേഷ് നടത്തിയ പത്രസമ്മേളനത്തിലെ പ്രയോഗങ്ങൾ പരിഹാസ്യമായിരുന്നുവെന്നും കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.

കോടതിയിൽ മറുപടി പറയിപ്പിക്കുമെന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വെല്ലുവിളിക്കും അദ്ദേഹം മറുപടി നൽകി. കേസ് വന്നാൽ നേരിടുമെന്നും നിലവിൽ തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെറ്റീഷനിൽ സാങ്കേതിക തകരാറുകൾ ഉള്ളതിനാൽ കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ലെന്നും, ലഭിച്ച വക്കീൽ നോട്ടീസിന് കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നും കേസ് വന്നാൽ അതിനനുസരിച്ച് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
LATEST excelnclexrn
Top