തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മ്യൂസിയം സ്റ്റേഷനിലെ ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തൽ. പൊലീസുകാർ പ്രതികൾക്ക് ഒത്താശ ചെയ്തു നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കൂടുതൽ വിശദമായ അന്വേഷണം വേണമെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, പ്രതികൾക്ക് പോലീസ് വസ്ത്രം വാങ്ങിനൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ ഇന്ന് വിശദ അന്വേഷണത്തിന് ഉത്തരവിടും. അന്വേഷണ റിപ്പോർട്ട് വന്നാൽ നടപടി ഉണ്ടാകുമെന്നാണ് വിവരം.
പാളയത്തെ കല്യാൺ ടെക്സ്റ്റയിൽസിൽ നിന്നും 68 ഷർട്ടുകളാണ് മ്യൂസിയം സ്റ്റേഷനിലേക്ക് വാങ്ങിയിരുന്നത്. പോലീസുകാരുടെ പട്ടികയും വസ്ത്രങ്ങളും അന്വേഷണ സംഘം കൃത്യമായി പരിശോധിച്ചു. ഐ.പി. ബിനു ധരിച്ചിരുന്ന ഷർട്ടും പോലീസുകാർ ധരിച്ചിരുന്ന ഷർട്ടും നീലനിറത്തിലുള്ളതാണെങ്കിലും അവ തമ്മിൽ വ്യത്യാസങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എസ്.എച്ച്.ഒ പ്രശാന്ത് എത്തുമ്പോൾ പ്രതികൾ സ്റ്റേഷനിലുണ്ടായിരുന്നു. പ്രതിയായ ഉണ്ണിയോട് സ്റ്റേഷന് മുന്നിൽ വെച്ചും ഐ.പി. ബിനുവിനോട് സ്റ്റേഷനുള്ളിൽ വെച്ചും എസ്.എച്ച്.ഒ സംസാരിച്ചിരുന്നു. കേസിനെ കുറിച്ചാണ് ഇവർ സംസാരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ എസ്.എച്ച്.ഒ സ്റ്റേഷനിലുള്ള സമയത്താണ് പ്രതികൾ പുറത്തുവെച്ച് റീലിന്റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചത്.
സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ പ്രതികളെ പിരിച്ചുവിടുന്നതിൽ എസ്.എച്ച്.ഒക്കും മറ്റ് പോലീസുകാർക്കും വലിയ ഉത്തരവാദിത്വമുണ്ടായിരുന്നുവെന്നും അതിൽ പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്പെഷ്യൽ ബ്രാഞ്ചിന്റെ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ സ്വന്തം ശുപാർശകൾ കൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് ഐ.ജിക്ക് കൈമാറി.

















