കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ജാതീയ അധിക്ഷേപവും ശുദ്ധീകരണവും നടന്ന ഹൽദ്വാനി സംഭവത്തിൽ കേസ് എടുക്കാതെ, വിഷയത്തിൽ പ്രതികരിച്ച രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. മതപരമായ ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചുവെന്ന് കാട്ടി ദളിത് വാൽമീകി സമുദായക്കാരനായ അമിത് കുമാർ നൽകിയ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 196-ാം വകുപ്പും പട്ടികജാതി-പട്ടികവർഗ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ഖർഗെക്കെതിരെ ശുദ്ധീകരണം നടത്തിയ സംഘപരിവാർ പ്രവർത്തകർക്കെതിരെ നടപടി വേണമെന്ന് രാഹുൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തനിക്കെതിരെയുള്ള കേസുകളെ മെഡലുകളായാണ് കാണുന്നതെന്നും കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. അതേസമയം, ശുദ്ധീകരണം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് രാഹുൽ ഗാന്ധിക്കെതിരെ തിടുക്കത്തിൽ കേസെടുത്തത് അസാധാരണവും പ്രതികാരബുദ്ധിയോടെയുള്ളതുമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരെ സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ ഉത്തരാഖണ്ഡിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് വലിയ നാടകീയ രംഗങ്ങൾക്കാണ് വഴിവെച്ചത്. പലയിടത്തും പൊലീസും നേതാക്കളും തമ്മിൽ കടുത്ത വാക്കേറ്റവുമുണ്ടായി. നാളെ രാവിലെ 11 മണിക്ക് മുൻപായി ശുദ്ധീകരണം നടത്തിയവർക്കെതിരെ കേസെടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് കോൺഗ്രസ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

















