മസാച്യുസെറ്റ്‌സ്: മസാച്യുസെറ്റ്‌സില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് 58കാരിയായ സ്ത്രീക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി. സന്നദ്ധ സംഘടനയുടെ സ്ഥാപകയായ കാരന്‍ സോളമനെയാണ് പോലീസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് വോര്‍സെസ്റ്റര്‍ പോലീസ് 57കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ കുര്‍ട്ട് സോളമനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസമയത്ത് അവര്‍ വീട്ടിലുണ്ടായിരുന്നുവെന്നും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഫസ്റ്റ് റെസ്‌പോണ്ടര്‍മാരുടെ ആത്മഹത്യ തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന First HELP എന്ന സംഘടനയുടെ സ്ഥാപകയാണ് കാരന്‍ സോളമന്‍. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഫസ്റ്റ് റെസ്‌പോണ്ടര്‍മാര്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ സഹായം നല്‍കുകയും ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്ന സംഘടനയാണിത്. 2021-ല്‍ യുഎസ് ക്യാപിറ്റല്‍ കലാപത്തിന് പിന്നാലെ ഫസ്റ്റ് റെസ്‌പോണ്ടര്‍മാരുടെ ആത്മഹത്യ സംബന്ധിച്ച് സോളമന്‍ എബിസി ന്യൂസിനോട് സംസാരിച്ചിരുന്നു.
കാരന്‍ സോളമനെ കണ്ടെത്തുന്നതിനായി പോലീസ്, യുഎസ് മാര്‍ഷല്‍സ് ഉള്‍പ്പെടെയുള്ള അന്വേഷണസംഘങ്ങള്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാപകമായ തിരച്ചില്‍ നടത്തി. ഹെലികോപ്റ്ററുകളും പരിശീലനം ലഭിച്ച നായ്ക്കളും ബോട്ടുകളും ഉപയോഗിച്ചാണ് സമീപപ്രദേശങ്ങളില്‍ പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെയും കാരന്‍ സോളമനെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇവരെക്കുറിച്ചുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
31 വര്‍ഷം വോര്‍സെസ്റ്റര്‍ പോലീസ് സേനയില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനായിരുന്നു കുര്‍ട്ട് സോളമന്‍. രണ്ട് മക്കളുണ്ട്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് അഭിമാനകരമായിരുന്നുവെന്നും മികച്ച വ്യക്തിയും പോലീസ് ഉദ്യോഗസ്ഥനുമായിരുന്നു അദ്ദേഹമെന്നും വോര്‍സെസ്റ്റര്‍ പട്രോള്‍മെന്‍ യൂണിയന്‍ പ്രസിഡന്റ് തോമസ് ഡഫി പറഞ്ഞു. കാരന്‍ സോളമനെക്കുറിച്ച് വിവരമുള്ളവര്‍ 508-799-8606 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു
Search underway for a woman in connection with the death of a police officer in Massachusetts.

















