ബുനിയ: കോംഗോയിലെ എബോള വ്യാപനം ഔദ്യോഗീകമായി പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ മുമ്പേ വ്യാപനം രൂക്ഷമായിരുന്നതായി ലോകാരോഗ്യ സംഘടന. ഫെബ്രുവരിയില്‍ തന്നെ വൈറസ് വ്യാപനം തുടങ്ങിയിരുന്നുവെന്നും മേയ് പകുതിയോടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്നും ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ മേഖലാ ഡയറക്ടര്‍ ഡോ. മുഹമ്മദ് യാക്കൂബ് ജനബി അറിയിച്ചു. ആദ്യഘട്ടത്തിലെ ചില കേസുകള്‍ മലേറിയയും ടൈഫോയ്ഡും ആണെന്ന് തെറ്റായി കണ്ടെത്തിയതും വ്യാപനം തിരിച്ചറിയുന്നതിലെ കാലതാമസത്തിന് കാരണമായി.
സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ 4,200 എബോള കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1,900 ലേറെ പേര്‍ മരിച്ചു. മെയ് 15ന് പ്രഖ്യാപിച്ച നിലവിലെ വ്യാപനം മുന്‍കാല എബോള വ്യാപനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. അപൂര്‍വ ബുണ്ടിബുഗ്യോ വൈറസിനെതിരെ നിലവില്‍ അംഗീകൃത വാക്‌സിനുകളോ ചികിത്സകളോ ലഭ്യമല്ല. സാധാരണയായി കാണപ്പെടുന്ന മറ്റൊരു എബോള വൈറസിനായുള്ള പരിശോധനകളാണ് തുടക്കത്തില്‍ നടത്തിയിരുന്നത്.
ആരോഗ്യപ്രവര്‍ത്തകരുടെ കുറവും സുരക്ഷാ ഉപകരണങ്ങളുടെ ക്ഷാമവുംഎബോള വ്യാപനത്തെ നിയന്ത്രിക്കുന്നതില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ശമ്പളം ലഭിക്കാത്ത ചില ആരോഗ്യപ്രവര്‍ത്തകരുടെ സമരവും രോഗത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. വിദൂര മേഖലകളിലെ റോഡുകള്‍ മോശമായതിനാല്‍ ആരോഗ്യസംഘങ്ങള്‍ക്ക് രോഗബാധിത പ്രദേശങ്ങളില്‍ എത്തിച്ചേരുന്നതും ബുദ്ധിമുട്ടാണ്. കുടിയൊഴിപ്പിക്കപ്പെട്ട വലിയ ജനവിഭാഗത്തിന് കൈകഴുകാന്‍ ആവശ്യമായ ശുദ്ധജലം പോലും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്.
2014-16 കാലത്തെ പശ്ചിമാഫ്രിക്കന്‍ എബോള വ്യാപനമാണ് ഇതുവരെ ഏറ്റവും വലിയതായി കണക്കാക്കപ്പെട്ടിരുന്നത്. അന്ന് 28,000ലേറെ കേസുകളില്‍ 11,000ലേറെ പേര്‍ മരിച്ചിരുന്നു. എന്നാല്‍ 1,000 മരണങ്ങളിലെത്താന്‍ ആ വ്യാപനത്തിന് ഏകദേശം എട്ട് മാസം വേണ്ടിവന്നപ്പോള്‍ നിലവിലെ കോംഗോ വ്യാപനം അതിലും വേഗത്തിലാണ് പടരുന്നത്.
മലിനമായ വസ്തുക്കളിലൂടെയും എബോള പകരാം. രോഗം ഗുരുതരവും പലപ്പോഴും മരണകാരണമാകുന്നതുമാണ്. പുതിയ കേസുകളില്‍ 60 മുതല്‍ 70 ശതമാനം വരെ നിരീക്ഷണത്തിലുള്ള സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരിലാണ് കണ്ടെത്തുന്നതെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു. വിമതസംഘര്‍ഷം വര്‍ഷങ്ങളായി തുടരുന്ന ദുര്‍ബലമായ മേഖലയില്‍ ചില ഗര്‍ഭിണികളും മറ്റുള്ളവരും രോഗഭയത്തെ തുടര്‍ന്ന് ആരോഗ്യകേന്ദ്രങ്ങളില്‍ പോകുന്നത് ഒഴിവാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളേക്കാള്‍ വേഗത്തിലാണ് വൈറസ് പടരുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസുസും മുന്നറിയിപ്പ് നല്‍കി.
The World Health Organization stated that the Ebola outbreak in Congo was severe months before it was officially declared.

















