വാഷിംഗ്ടണ്‍: ഇറാനുമായി പുതിയ കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍. ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി ഒഴിവാക്കിയത് ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണെന്നും എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇറാനെതിരായ ആക്രമണ പദ്ധതി നിര്‍ത്തിവച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ആക്രമണത്തിന് യുഎസ് തയ്യാറായിരുന്നുവെന്നും എന്നാല്‍ സഖ്യരാജ്യങ്ങള്‍ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും കരാര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ”കരാര്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ,” എന്നായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ആവശ്യമെങ്കില്‍ ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കാന്‍ അമേരിക്ക തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആക്രമണം നടത്താനുള്ള ശേഷിയും സന്നദ്ധതയും യുഎസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Trump hints at a possible new deal with Iran; US President states that the attack was temporarily halted at the request of Gulf nations.

















