swayamvara
pulimoottil

ജോലിസ്ഥലത്ത് പ്രണയം, മക്‌ഡൊണാൾഡ്സിൽ വിവാഹം; ഡ്രൈവ്-ത്രൂവിൽ സോസ് നൽകി വധു

ജോലിസ്ഥലത്ത് പ്രണയം, മക്‌ഡൊണാൾഡ്സിൽ വിവാഹം; ഡ്രൈവ്-ത്രൂവിൽ സോസ് നൽകി വധു

വാർത്ത : തീയാടിക്കൽ

ഒഹായോ: പ്രണയത്തിന് വേദിയായ ജോലിസ്ഥലം തന്നെ വിവാഹവേദിയാക്കി അമേരിക്കയിലെ ഒഹായോ സ്വദേശികളായ ജാമി കാലിക്കോട്ടും ജോർജ് കാലിക്കോട്ടും. അക്രോണിലെ മക്‌ഡൊണാൾഡ്സ് റസ്റ്റോറന്റിൽ നടന്ന വ്യത്യസ്തമായ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇരുവരും ജോലി ചെയ്യുന്ന മക്‌ഡൊണാൾഡ്സ് റസ്റ്റോറന്റിലാണ് വിവാഹച്ചടങ്ങ് നടന്നത്. ജില്ലാ മാനേജർ തമാശയായി മുന്നോട്ടുവച്ച ആശയം പിന്നീട് യഥാർഥ വിവാഹപദ്ധതിയായി മാറുകയായിരുന്നു.

വിവാഹത്തിനായി റസ്റ്റോറന്റിന്റെ ഡൈനിംഗ് ഏരിയയിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും ഡ്രൈവ്-ത്രൂ സേവനം പതിവുപോലെ തുടർന്നു. വിവാഹവസ്ത്രത്തിൽ തന്നെ ഒരു ഉപഭോക്താവിന് അധിക സോസ് നൽകുന്ന വധു ജാമിയുടെ ദൃശ്യങ്ങളും ഏറെ ശ്രദ്ധ നേടി.

മക്‌ഡൊണാൾഡ്സ് തീമിലായിരുന്നു വിവാഹത്തിലെ പല കൗതുകങ്ങളും. ഹാപ്പി മീൽ ബോക്സിൽ പൂവിതളുകളുമായി ഫ്ലവർ ഗേൾ എത്തിയതും ചടങ്ങിന് വേറിട്ട ഭംഗി നൽകി. റസ്റ്റോറന്റിന്റെ ജനറൽ മാനേജറുടെ ഭർത്താവാണ് വിവാഹച്ചടങ്ങിന് നേതൃത്വം നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ലളിതവും വ്യത്യസ്തവുമായ ഈ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതികരണമാണ് ലഭിക്കുന്നത്.

Share Email
Top