അസംഗഡ്( ഉത്തര്‍പ്രദേശ്): ഭാര്യയേയും രണ്ടു മതപുരോഹിതരേയും കൊലപ്പെടുത്തിയ യുവാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പ്രതിയായ അര്‍വിന്ദ് സിംഗ് മകനെയും വെടിവെച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അര്‍വിന്ദിനെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും ചികിത്സയ്ക്കിടെ മരിച്ചതായി പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ സംഭവങ്ങളുടെ തുടക്കം. വീട്ടിലെത്തിയ അര്‍വിന്ദ് സിംഗ് ഭാര്യ ബബിത സിംഗ് (32) രണ്ട് പുരോഹിതരായ മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നിവരോടൊപ്പം മതപരമായ ചടങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടു. ഇതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും പ്രകോപിതനായ അര്‍വിന്ദ് ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് ആദ്യം ഭാര്യയെയും പിന്നാലെ രണ്ട് പുരോഹിതരെയും വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മൂന്ന് മക്കളെയും ഒരു മുറിയില്‍ പൂട്ടിയിട്ട് ഇയാള്‍ അവിടെ തന്നെ തുടരുകയായിരുന്നു.
ഏഴ് മണിക്കൂറോളം പൊലീസ് വീട് വളഞ്ഞ് അര്‍വിന്ദിനെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തുവരാന്‍ തയാറായില്ല. പിന്നീട് വീട്ടിനുള്ളില്‍ നിന്ന് ഇയാള്‍ വെടിയുതിര്‍ത്തതോടെ പൊലീസ് സംഘം വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍വാതകവും ഉപയോഗിച്ചെങ്കിലും പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തതോടെ തിരിച്ചും വെടിവെക്കേണ്ടിവന്നതായി വാരണാസി സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് നവീന്‍ അറോറ പറഞ്ഞു.
പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിനിടെ അര്‍വിന്ദിന്റെ മകനും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. അര്‍വിന്ദിനെയും മകനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അസംഗഢ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. അനില്‍ കുമാര്‍ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിക്കുന്നതടക്കമുള്ള നടപടികളും മറ്റ് നിയമനടപടികളും പുരോഗമിക്കുകയാണ്.
അര്‍വിന്ദ് മാനസികമായി അസ്വസ്ഥനായിരുന്നെന്നും ആക്രമണ സ്വഭാവം പ്രകടിപ്പിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളെ മര്‍ദിക്കുന്നതിനെക്കുറിച്ച് അമ്മയും ഭാര്യയും നേരത്തെ പരാതിപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് അര്‍വിന്ദിന് ദുഷ്ടശക്തിയുടെ സ്വാധീനമുണ്ടെന്ന് കുടുംബം സംശയിക്കുകയും അത് ഒഴിവാക്കുന്നതിനായി മതചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. ചടങ്ങിനിടെ അര്‍വിന്ദ് പ്രകോപിതനായി ഭാര്യയെയും രണ്ട് പുരോഹിതരെയും വെടിവെച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ചടങ്ങിനായി അഞ്ച് പുരോഹിതര്‍ വീട്ടിലെത്തിയിരുന്നെന്നും വെടിവെപ്പിനിടെ മൂന്ന് പേര്‍ രക്ഷപ്പെട്ടെന്നും രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും പ്രദേശവാസിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
A young man who shot dead his wife and two religious clerics was killed in an encounter.
















