കൊച്ചി: കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുത്തുകുഴി ഹാപ്പിനഗര്‍ സ്വദേശിനിയായ കുഞ്ഞമ്മ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കുര്യാക്കോസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ 2.30 ഓടെയാണ് ദാരുണ സംഭവം. കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ മക്കളും വിദേശത്താണ്. കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്.
കൊലപാതകത്തിന് ശേഷം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത്. മകന്‍ അയല്‍വാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് കുഞ്ഞമ്മയുടെ മൃതദേഹം കിടന്നത്. കുര്യാക്കോസ് വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
After stabbing his wife to death, he called his son abroad to inform him of the murder.
















