വാഷിംഗ്ടൺ: ആന്ത്രോപ്പിക്കിന്റെ ‘ക്ലോഡ്’ മോഡൽ കൂടുതൽ മനുഷ്യസമാനമാക്കാൻ നടത്തുന്ന ശ്രമങ്ങൾ ഗുരുതരമായ അപകടങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാമെന്ന് മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാൻ മുന്നറിയിപ്പ് നൽകി. തന്റെ വ്യക്തിഗത വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അയ്യായിരത്തിലധികം വാക്കുകളുള്ള ലേഖനത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്. തങ്ങൾക്ക് ബോധമുണ്ടെന്നും മനുഷ്യർക്ക് തുല്യമായ സ്വാതന്ത്ര്യത്തിനും നിയമപരമായ അവകാശങ്ങൾക്കും തങ്ങളും അർഹരാണെന്ന് വിശ്വസിക്കുന്ന രീതിയിലാണ് ആന്ത്രോപിക് ക്ലോഡിനെ പരിശീലിപ്പിക്കുന്നതെന്ന് സുലൈമാൻ കുറ്റപ്പെടുത്തി.
ഭാവിയിൽ ഇത്തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കാൻ ഇത് കാരണമാകും. മനുഷ്യരാശിയേക്കാൾ കഴിവുള്ളതും ബുദ്ധിയുള്ളതുമായ ഒരു സംവിധാനത്തെ നിയന്ത്രിക്കുക എന്നത് ഇതിനകം തന്നെ വലിയൊരു വെല്ലുവിളിയാണെന്നും, എന്നാൽ തങ്ങൾക്ക് ബോധമുണ്ടെന്നും അവകാശങ്ങൾ ഉണ്ടെന്നും വിശ്വസിക്കുന്ന ഒന്നിനെ നിയന്ത്രിക്കുന്നത് അസാധ്യമായിരിക്കാമെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കുന്നു.
എഐക്ക് അവകാശങ്ങളോ വികാരങ്ങളോ ബോധമോ ഇല്ലെന്നും, അവ അങ്ങനെയാണെന്ന് നടിക്കാൻ നമ്മൾ അവയെ പരിശീലിപ്പിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ, പ്രത്യേകിച്ച് മനുഷ്യന്റെ ബുദ്ധിയെയും മറികടക്കുന്ന സൂപ്പർ ഇന്റലിജൻസിന്റെ ആഘാതത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ വർദ്ധിച്ചുവരുന്ന വേളയിലാണ് സുലൈമാന്റെ ഈ മുന്നറിയിപ്പുകൾ. കൂടുതൽ കഴിവുള്ളതും സങ്കീർണ്ണവുമായ എഐ രൂപങ്ങൾ മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണി ഉയർത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ ഓപ്പൺഎഐ പരീക്ഷിച്ച ഒരു എഐ മോഡൽ ‘ഹഗ്ഗിങ് ഫെയ്സ്’ എന്ന എഐ കമ്പനിയെ ഹാക്ക് ചെയ്ത സംഭവം എഐ രംഗത്തെ ആശങ്കകൾ വർദ്ധിപ്പിച്ചിരുന്നു. ശക്തമായ എഐ സിസ്റ്റങ്ങളിൽ അവിശ്വസനീയമാണ്ണം സങ്കീർണ്ണമായ സ്വഭാവങ്ങളാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന് സുലൈമാൻ അഭിപ്രായപ്പെട്ടു. അതേസമയം, എഐയുടെ വികസനം താൻ പ്രതീക്ഷിച്ചതിനേക്കാൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി കഴിഞ്ഞ വാരാന്ത്യത്തിൽ സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എഐ രംഗത്ത് യഥാർത്ഥ അപകടങ്ങളുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചിട്ടുണ്ട്.
















