വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു. വയനാട് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ആന്റോ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടവും ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ടെന്ന് എക്സൈസ് കോടതിയിൽ ആവശ്യപ്പെട്ടു. പ്രതി സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയായതിനാൽ സ്വതന്ത്ര അന്വേഷണം തടസ്സപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് എക്സൈസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
കൊച്ചിയിലെ ഓഫീസിൽ നിന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത ആന്റോ അഗസ്റ്റിനെ മീനങ്ങാടി എക്സൈസ് ഓഫീസിൽ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ബത്തേരി കോടതിയിൽ ഹാജരാക്കിയത്. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് മജിസ്ട്രേറ്റ് റിമാൻഡ് ഉത്തരവിട്ടത്. എക്സൈസ് ഓഫീസിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും പുറത്തിറങ്ങിയപ്പോഴും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ആന്റോ അഗസ്റ്റിൻ തയ്യാറായില്ല.
വയനാട് വാഴവറ്റയിലെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ അനുവദനീയമായ അളവിൽ കൂടുതൽ മദ്യശേഖരം കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമുണ്ടെന്നാണ് എക്സൈസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് എക്സൈസ് സംഘം കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികളിലേക്ക് കടന്നത്.
















