തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥനാണ് വാർത്താക്കുറിപ്പിലൂടെ തീയതികൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (സെപ്റ്റംബർ 1) മുതൽ പ്രാബല്യത്തിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ ആ പ്രദേശം മുഴുവനായും, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം. അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വിജ്ഞാപനം സെപ്റ്റംബർ 3-ന് പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രികകൾ സെപ്റ്റംബർ 3 മുതൽ 10 വരെ സമർപ്പിക്കാവുന്നതാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 11-ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്. സെപ്റ്റംബർ 28-ന് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. സെപ്റ്റംബർ 29-ന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടർപട്ടിക തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്.
കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലാണ് ഇത്തവണ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളം, കോഴിക്കോട് കോർപ്പറേഷനുകളിലെ രണ്ട് വാർഡുകൾ, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ മുനിസിപ്പാലിറ്റികളിലെ 3 വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ 3 വാർഡുകൾ, 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവടങ്ങളിലേക്കാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നടപടികൾ ഒക്ടോബർ 1-ഓടെ പൂർത്തിയാകും. മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ ഒക്ടോബർ 29-നകം സമർപ്പിക്കണമെന്ന് കമ്മീഷൻ അറിയിച്ചു.

















