swayamvara
pulimoottil

മുഖ്യമന്ത്രിയുടെ പ്രതികരണം പദവിക്ക് നിരക്കാത്തത്: കേരള മുസ്‌ലിം ജമാഅത്ത്

മുഖ്യമന്ത്രിയുടെ പ്രതികരണം പദവിക്ക് നിരക്കാത്തത്: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: ഇസ്‌ലാമിക ആഘോഷങ്ങൾ അതിരുകടക്കരുതെന്നും മഹല്ല് ജമാഅത്തുകൾ ഇവ്വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൽകിയ നിർദ്ദേശത്തെ തുടർന്ന് മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങൾ പദവിക്ക് നിരക്കാത്തതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. ഇസ്‌ലാമോഫോബിയ പരത്തുന്ന ചില നിക്ഷിപ്ത താല്പര്യക്കാർ സൃഷ്ടിച്ച വിവാദങ്ങളിൽ ഇടപട്ടാണ് ഭരണാധികാരിയിൽ നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

പ്രമാണബദ്ധമായ ഇസ്‌ലാമിക നിലപാടുകൾ വിശ്വാസികളെ ബോധ്യപ്പെടുത്തുകയാണ് സമസ്ത ചെയ്യുന്നത്. ചില മാധ്യമങ്ങളും മതത്തിനെതിരെ തിരിയാൻ അവസരം കാത്തുനിന്ന ചിലരും ചേർന്ന് അനാവശ്യ ചർച്ചകളും വിവാദങ്ങളും ഉയർത്തിക്കൊണ്ടുവരികയായിരുന്നു. എന്നാൽ യാഥാർത്ഥ്യം മനസ്സിലാക്കാതെ ഇത്തരക്കാരുടെ ഭാഷ ഏറ്റുപിടിച്ച് മുഖ്യമന്ത്രി നടത്തിയത് വിലകുറഞ്ഞ പരാമർശങ്ങളാണ്.

മതകാര്യങ്ങളിൽ ഇടപെട്ട് പണ്ഡിതന്മാരെ മതം പഠിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് തീർത്തും അപഹാസ്യമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ഭരണാധികാരിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം അപക്വമായ പ്രതികരണത്തിൽ കേരള മുസ്‌ലിം ജമാഅത്ത് കടുത്ത സഹതാപവും പ്രതിഷേധവും രേഖപ്പെടുത്തി.

കോഴിക്കോട്ട് ചേർന്ന യോഗത്തിൽ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി, മാരായമംഗലം അബ്‌ദുൽറഹ്‌മാൻ ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് താഹാ സഖാഫി, ബി.എസ്. അബ്ദുള്ള കുഞ്ഞി ഫൈസി, എൻ. അലി അബ്ദുല്ല, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, സി.പി. സൈതലവി മാസ്റ്റർ, മുസ്തഫ കോഡൂർ, എം.കെ ഹാമിദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Share Email
Top