കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ഹാജരാകാത്തതിൽ വിചാരണക്കോടതി നിലപാട് കടുപ്പിച്ചു. കേസിൽ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നീ പ്രതികൾ വരുന്ന സെപ്റ്റംബർ 11-ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കർശന നിർദ്ദേശം നൽകി.
വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റിന്റെ കർശന ഇടപെടൽ. വിചാരണ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കിൽ അത് ഹാജരാക്കണം. അല്ലാത്തപക്ഷം പ്രതികൾക്ക് നൽകിയിട്ടുള്ള വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാനുള്ള പ്രത്യേക അനുമതി റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പ്രതികൾ നൽകിയ ഹർജികൾ മൂന്ന് തവണ ഹൈക്കോടതി തള്ളിയിരുന്നു.
നിയമവിരുദ്ധമായി മുറിച്ചുകടത്തിയ ഈട്ടിത്തടികൾ നൽകാം എന്ന് വിശ്വസിപ്പിച്ച് തടി വ്യാപാരിയായ എം.എം. അലിയാറിൽ നിന്ന് 1.4 കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് ചോറ്റാനിക്കര കോടതിയിൽ നിലവിൽ കേസ് നടക്കുന്നത്. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രം ചുമത്തുന്നതുൾപ്പെടെയുള്ള വിചാരണ നടപടികളിലേക്കാണ് കോടതി കടക്കുന്നത്.












