swayamvara
pulimoottil

മിനിയാപൊളിസ് വെടിവെയ്പ്പില്‍ മരണം രണ്ടായി : രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

മിനിയാപൊളിസ് വെടിവെയ്പ്പില്‍ മരണം രണ്ടായി : രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

മിനിയാപൊളിസ്: മിനസോട്ട സംസ്ഥാനത്തെ മിനിയാപൊളിസ് നഗരമധ്യത്തിലെ ബഹുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ വെടിവെപ്പില്‍ മരണം രണ്ടായി. രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ട് മിനിയാപൊളിസ് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. വെടിവെപ്പിന് പിന്നാലെ അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടതായും മിനിയാപൊളിസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഗാരറ്റ് പാര്‍ട്ടന്‍ അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം 4.30 ഓടെയാണ് 15 ഈസ്റ്റ് ഗ്രാന്റ് സ്ട്രീറ്റിലെ കെട്ടിടത്തില്‍ വെടിവെപ്പ് നടന്നത്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിനുള്ളില്‍ വെടിയേറ്റവരെ കണ്ടെത്തിയതായി പാര്‍ട്ടന്‍ പറഞ്ഞു.

വെടിയേറ്റവരില്‍ ഒരാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായും രണ്ടാമത്തെയാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചതെന്നും പാര്‍ട്ടന്‍ വ്യക്തമാക്കി. വെടിയേറ്റ മൂന്നുപേരെ സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കാലിലാണ് വെടിയേറ്റത്. മറ്റൊരു ഉദ്യോഗസ്ഥന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നും മൂന്നാമത്തെ ഉദ്യോഗസ്ഥന് ജീവന് ഭീഷണിയില്ലാത്ത പരിക്കിന് പരിശോധന നടത്തുകയാണെന്നും പാര്‍ട്ടന്‍ അറിയിച്ചു.

അക്രമി എങ്ങനെയാണ് മരിച്ചതെന്ന് നിലവില്‍ വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ അതീവ ദാരുണമായ സംഭവമെന്ന് വിശേഷിപ്പിച്ച പാര്‍ട്ടന്‍, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനുശോചനവും പിന്തുണയും അറിയിച്ചു.

വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികളോട് മേഖല ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പ്രാദേശിക നിയമപാലകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് പുറത്തുവിടുമെന്നും മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് അറിയിച്ചു.

Death toll in Minneapolis shooting rises to two; several injured, including two police officers.

Share Email
Top