തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ ഇഡി സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നത് ഉള്‍പ്പെടെയുള്ള നിയമോപദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു.
ഈ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാന ത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏതു തരത്തിലുള്ള അന്വേഷണമാണ്നടത്തേണ്ടതെന്നതിനെക്കുറിച്ചാവും ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുക. മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാര്‍ശ കത്തില്‍ അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നാലു ദിവസം മുമ്പാണ് നിയമോപദേശം ലഭിച്ചത്.
സുപ്രീംകോടതി വിധികള്‍ അടക്കം ചേര്‍ത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേര്‍ത്ത് എജിയാണ് നിയമോപദേശം നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച്ച നടത്തിയത്.
ED’s letter regarding the ‘monthly payout’ case; Chief Minister and Home Minister hold a meeting.
















