വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പഴയ പ്രസംഗങ്ങളും ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങളും ഏറ്റവും പുതിയ വിവരങ്ങളും ഉള്‍പ്പെടുത്തി വൈറ്റ് ഹൗസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്ഫോമായ ‘ട്രംപ് ടിവി’ ആരംഭിച്ചു. ‘TRUMP TV: The Essentials Station’ എന്ന പേരിലാണ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്ന ഈ പ്ലാറ്റ്ഫോം. ട്രംപിന്റെ പ്രധാന പ്രസംഗങ്ങള്‍, പൊതുപരിപാടികള്‍, ഭരണകൂടവുമായി ബന്ധപ്പെട്ട പ്രധാന വീഡിയോകള്‍ എന്നിവ ഇവിടെ തുടര്‍ച്ചയായി ലഭ്യമാകും.
സെപ്റ്റംബര്‍ 21-നാണ് ട്രംപ് ടിവിയുടെ സംപ്രേഷണം ആരംഭിച്ചത്. ട്രംപിന്റെ മുന്‍കാല പൊതുപരിപാടികളുടെയും പ്രസംഗങ്ങളുടെയും ദൃശ്യങ്ങളാണ് തുടക്കത്തില്‍ സംപ്രേഷണം ചെയ്തത്. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന്റെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പ്രധാനപ്പെട്ട പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും തത്സമയം പുതുക്കി നല്‍കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വൈറ്റ് ഹൗസും പ്രമുഖ മാധ്യമ സ്ഥാപനങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമിന്റെ തുടക്കം. സിഎന്‍എന്‍,എംഎസ് നൗ, പൊളിറ്റിക്കോ , എന്നീ മാധ്യമ സ്ഥാപനങ്ങളുടെ വൈറ്റ് ഹൗസ് പ്രവേശനം നിയന്ത്രിച്ചതിനെതിരെയാണ് മാധ്യമ സ്ഥാപനങ്ങള്‍ നിയമനടപടി സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം തടയാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മൂന്ന് സ്ഥാപനങ്ങളും ഫെഡറല്‍ കോടതിയെ സമീപിച്ചു.
മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിങ് നടത്താനും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഒന്നാം ഭേദഗതി സംരക്ഷിക്കുന്നുണ്ടെങ്കിലും, വൈറ്റ് ഹൗസ് പരിസരം, ബ്രീഫിങ് റൂം, പ്രസിഡന്റിന്റെ പ്രസ് പൂള്‍ തുടങ്ങിയവയില്‍ എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവേശനത്തിന് അവകാശമുണ്ടെന്ന് ഭരണഘടന ഉറപ്പുനല്‍കുന്നില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. അതേസമയം, വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഏതെങ്കിലും മാധ്യമ സ്ഥാപനത്തെ വൈറ്റ് ഹൗസ് പ്രവേശനത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് മാധ്യമങ്ങളുടെ നിലപാട്. മാധ്യമങ്ങളുമായുള്ള തര്‍ക്കം വൈറ്റ് ഹൗസ് ടെലിവിഷന്‍ പ്രസ് പൂളിനെയും ബാധിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ പരിപാടികളുടെ ദൃശ്യങ്ങള്‍ പങ്കുവെക്കുന്ന സംവിധാനമാണ് ടെലിവിഷന്‍ പൂള്‍. സിഎന്‍എന്നിനെ നെ ഒഴിവാക്കിയതിനെ തുടര്‍ന്നഎബിസി,സിബിഎസ്, എന്‍ബിസി ഫോക്‌സ് ന്യൂസ് തുടങ്ങിയ പങ്കാളിത്ത മാധ്യമ സ്ഥാപനങ്ങള്‍ പൂള്‍ കവറേജ് നിര്‍ത്തിവച്ചിരുന്നു. ഇതിനിടെയാണ് വൈറ്റ് ഹൗസ് സ്വന്തം ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ട്രംപ് ടിവി ആരംഭിച്ചിരിക്കുന്നത്. മാധ്യമപ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോള്‍ ഫെഡറല്‍ കോടതിയുടെ പരിഗണനയിലാണ്.
Following the ban imposed on media outlets including CNN, the White House makes a new move: ‘Trump TV’ as a 24/7 streaming platform.
















