ക്‌ളിഫ്ടന്‍ (ന്യു ജേഴ്സി): അന്തരിച്ച ഫാ. തോമസ് എബ്രഹാം ളാഹയില്‍ (76) സംസ്‌കാരം ശനിയാഴ്ച ന്യു ജേഴ്സിയില്‍ നടത്തും. മലങ്കര സിറിയന്‍ ക്‌നാനായ ആര്‍ച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്ത ഡോ. അയൂബ് മാര്‍ സില്‍വാനോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും
സെപ്റ്റംബര്‍ 16, 17 വൈകിട്ട് 7 മണി: സംസ്‌കാര സര്‍വീസ് പ്രാര്‍ത്ഥനകള്‍: സെന്റ് തോമസ് ക്‌നാനയ ചര്‍ച്ച്, 186 തേര്‍ഡ് സ്ട്രീറ്റ്, ക്‌ളിഫ്ടന്‍, ന്യു ജേഴ്സി
സെപ്റ്റംബര്‍ 18 വെള്ളി 4 മുതല്‍ 9 വരെ: വെയ്ക്ക് സര്‍വീസ്
സെപ്റ്റംബര്‍ 19 ശനി രാവിലെ 6:30 ഒന്‍പതാം ദിന കുര്‍ബാന, 8 മണിക്ക് സംസ്‌കാരശുശ്രുഷകള്‍
നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ സമുദായത്തിന്റെ ആദ്യകാല സംഘാടകനും പ്രമുഖ വൈദികനുമാണ്. ദീര്‍ഘകാലമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്ന് വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം സെപ്റ്റംബര്‍ 11-നാണ് നിര്യാതനായത്.
1950 മേയ് 4-ന് റാന്നി തുരുത്തിക്കാട് ഇടിക്കുള എബ്രഹാം ളാഹയിലിന്റെയും അന്നമ്മ തോപ്പില്‍ കുന്നത്തുകരയുടെയും മൂന്നാമത്തെ മകനായി ജനിച്ച അദ്ദേഹം, എം.എസ്. ഹൈസ്‌കൂള്‍, ചിങ്ങവനം മോര്‍ എഫ്രേം സെമിനാരി, റാന്നി സെന്റ് തോമസ് കോളേജ് (ബി.എ), ഭോപ്പാല്‍ (എം.എ ഇക്കണോമിക്‌സ്) എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1976-ല്‍ അവറാന്‍കുട്ടിയുടേയും ചാച്ചിയമ്മ എബ്രഹാമിന്റെയും മകള്‍ ലീലാമ്മ എബ്രഹാമുമായുള്ള വിവാഹത്തിന് ശേഷം 1977-ല്‍ അമേരിക്കയിലേക്ക് കുടിയേറുകയും തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടോളം യു.എസ് പോസ്റ്റല്‍ സര്‍വീസില്‍ (USPS) സേവനമനുഷ്ഠിച്ച് 2012-ല്‍ വിരമിക്കുകയും ചെയ്തു.
1980-കളുടെ തുടക്കം മുതല്‍ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ (NAKC) രൂപീകരണത്തിനും വളര്‍ച്ചയ്ക്കുമായി സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം 1991-ല്‍ NAKC-യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായി നിയമിതനായി. 1992 ജൂലൈ 26-ന് പൗരോഹിത്യം സ്വീകരിച്ച ളാഹയിലച്ചന്‍, അതേ വര്‍ഷം ഡിസംബറില്‍ യോങ്കേഴ്‌സ് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ പള്ളിയില്‍ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് യോങ്കേഴ്‌സ്, ക്ലിഫ്റ്റണ്‍, ഫിലാഡല്‍ഫിയ തുടങ്ങിയ ട്രൈ-സ്റ്റേറ്റ് മേഖലകളിലെ വിവിധ ഇടവകകളില്‍ വികാരിയായും പുതിയ ദേവാലയങ്ങളും വസ്തുവകകളും സഭയ്ക്കായി കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.
വൈക്കം പള്ളിയിലെ ളാഹയിലച്ചന്‍ എഡ്യൂക്കേഷന്‍ എന്‍ഡോവ്മെന്റ് ഫണ്ട്, കെ.എം.എസ് ക്ലര്‍ജി എഡ്യൂക്കേഷന്‍ ഫണ്ട്, ന്യൂജേഴ്സി വുമണ്‍സ് അസോസിയേഷന്‍ ചാരിറ്റി ഫണ്ട് ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പദ്ധതികളുടെ തുടക്കക്കാരനുമായിരുന്നു അദ്ദേഹം. ഭാര്യ ലീലാമ്മ എബ്രഹാമും മക്കളായ ടോംലി, ടീന, മരുമകന്‍ അനുപ് പാറയില്‍ എന്നിവരുമടങ്ങുന്നതാണ് കുടുംബം.
Funeral of Fr. Thomas Abraham Lahayil (76) to be held in New Jersey on Saturday.

















